അല്‍പ്പംകൂടി ഉത്തരവാദിത്തം കാണിക്കണം; മോഹന്‍ലാലിനെതിരേ ജോസഫൈനും

തിരുവനന്തപുരം: താരസംഘടനയായ എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. എ.എം.എം.എയുടെ നിലപാടിനെ അതിശക്തമായി വിമര്‍ശിച്ച് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ജോസഫൈന്റെ പ്രതികരണം. നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം നിരാശനാക്കിയെന്നും ജോസഫൈന്‍ പ്രതികരിച്ചു.

മോഹന്‍ലാലില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത് അസ്ഥാനത്തായി. മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണം, ആരാധകരെ നിലയ്ക്ക് നിര്‍ത്തണം. നടിമാര്‍ക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയണം ജോസഫൈന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എ.എം.എം.എ പക്ഷപാതകരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ഡബ്ല്യൂ.സി.സി കുറ്റപ്പെടുത്തി. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന സംഘടനയുടെ നിലപാടിനെ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ചോദ്യം ചെയ്തു.

കോടതി വിധിക്കും വരെ ദിലീപ് നിരപരാധിയാണെന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എ.എം.എം.എ മറുപടി നല്‍കി. കോടതിവിധിക്കു മുന്‍പ് ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കവും. കേസില്‍ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും സംഘടനാ വക്താവായ നടന്‍ ജഗദീഷ് അറിയിച്ചു.
സംഘടനയില്‍നിന്നു രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഇക്കാര്യം മോഹന്‍ലാല്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും ജഗദീഷ് വിശദീകരിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular