ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ആശുപത്രിയില്‍ മന്ത്രിസഭായോഗം വിളിച്ച് മുഖ്യമന്ത്രി .മന്ത്രിസഭാ യോഗത്തിനായി മന്ത്രിമാരോട് താന്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്താനാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നിര്‍ദേശം നല്‍കിയത്.
മുഖ്യമന്ത്രി ചികിത്സയിലായതിനാല്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടയിലാണ് പരീക്കര്‍ ആശുപത്രി മുറിയില്‍ മന്ത്രിസഭാ യോഗം വിളിച്ചത്. സെപ്റ്റംബര്‍ 15 മുതല്‍ എയിംസില്‍ ചികിത്സയിലാണ് പരീക്കര്‍. യോഗത്തിന്റെ അജണ്ട വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മന്ത്രിമാര്‍ക്ക് ചില അധിക ചുമതലകള്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയിലാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പരീക്കറെ മാറ്റില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.
പരീക്കറെ ഡല്‍ഹി എയിംസില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് മുതല്‍ക്കാണ് ഗോവയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം രംഗത്തു വന്നിരുന്നു. 2017ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക്, മൂന്ന് സ്വതന്ത്രര്‍ എന്നിവരെ ഒപ്പം ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular