എ.കെ.ജിക്കു പോലും മുട്ടുമടക്കേണ്ടി വന്നു; അയ്യപ്പനോടു കളിച്ചവരാരും രക്ഷപെട്ടിട്ടില്ല; ചോരപ്പുഴ ഒഴുകിയാലും ബിജെപി പിന്മാറില്ലെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയോടും അയ്യപ്പനോടും കളിച്ചവരാരും രക്ഷപെട്ടിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ്.ശ്രീധരന്‍പിള്ള. ശബരിമല വിധി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ന്റെ കഴക്കൂട്ടത്തെ ഓഫീസിലേക്ക് ബി ജെ പി നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. കുട്ടികളേയും സ്ത്രീകളേയും ഉള്‍പ്പെടുത്തിയായിരുന്നു പ്രതിഷേധം. വിശ്വാസത്തെ രക്ഷിക്കാന്‍ ചോരപ്പുഴ ഒഴുകിയാലും ബിജെപി പിന്‍മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.ഗോപാലനു പോലും ശബരിമലയുടെ വിശ്വാസത്തിന് മുന്‍പില്‍ മുട്ടുമടക്കേണ്ടി വന്നുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പ്രതിഷേധത്തിനിടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

കോടതിവിധിയുള്ളതിനാല്‍ ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു. തുലാമാസപൂജയ്ക്ക് സ്ത്രീകള്‍ വരുന്നതിന് തടസമില്ല. സ്ത്രീകളെ തടയാന്‍ പമ്പയില്‍ ജീവനക്കാരെ നിയോഗിക്കുന്നത് പുനരാലോചിക്കും. പമ്പയില്‍ സ്ത്രീകള്‍ക്ക് സ്‌നാനത്തിനുള്‍പ്പെടെ പ്രത്യേകക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പതിനെട്ടാംപടിയില്‍ വനിതാപൊലീസിനെ നിയോഗിക്കുന്നകാര്യം ഡിജിപിയുമായി സംസാരിക്കുമെന്നും ദേവസ്വം കമ്മിഷണര്‍ അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തയാറെടുപ്പുകള്‍ വിശദമാക്കിയാണ് സത്യവാങ്മൂലം നല്‍കിയത്. സ്ത്രീജീവനക്കാരെ നിയമിക്കും. പമ്പയിലും സന്നിധാനത്തും ശുചിമുറികള്‍ അടക്കം സൗകര്യമൊരുക്കുമെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു.

ഇതിനിടെ ശബരിമല സ്ത്രീപ്രവേശ വിധി നടപ്പാക്കാന്‍ തന്ത്രി കുടുംബാംഗങ്ങളെ ചര്‍ച്ചയ്ക്കു ക്ഷണിച്ച സര്‍ക്കാര്‍ നീക്കം പാളി. ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രികുടുംബവും പന്തളം രാജകുടുംബവും അറിയിച്ചു. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നു തോന്നിയായിരിക്കാം പിന്മാറ്റമെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. അതേസമയം നവരാത്രി ഘോഷയാത്രയില്‍ പങ്കടുക്കാനെത്തിയ മന്ത്രിക്കു നേരെ ഭക്തരുടെ പ്രതിഷേധമുണ്ടായി.

സ്ത്രീ പ്രവേശന വിഷയത്തില്‍ നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരിക്കെയാണ് പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായതിന് ശേഷം മാത്രം ചര്‍ച്ചയെന്ന നിലപാടിലേക്ക് തന്ത്രി കുടുംബമെത്തിയത്. എന്‍.എസ്.എസ്ുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും കണ്ഠര് മോഹനര് അറിയിച്ചു.

പിന്നാലെ തന്ത്രി കുടുംബത്തിനു പിന്തുണയുമായി പന്തളം കൊട്ടാരവുമെത്തി, തന്ത്രികുടുംബം ചര്‍ച്ചയ്ക്ക് എത്തുമോയെന്ന് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ തന്ത്രി കുടുംബവുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച അറിയില്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. പത്മനാഭപുരം കൊട്ടാരത്തില്‍ നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്കു നേരെ ഭക്തരുടെ പ്രതിഷേധമുണ്ടായി. ശരണം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിച്ചുമായിരുന്നു പ്രതിഷേധം.

SHARE