കുഞ്ഞനന്തന് സുഖമായി ജയിലില്‍ കിടന്നൂടേ..? നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ല: ഹൈക്കോടതി സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: ആര്‍.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. ജാമ്യം അനവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്.

കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കുഞ്ഞനന്തന് നടക്കാന്‍ പോലും പറ്റില്ലെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു. ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു.

എത്ര നാള്‍ പരോള്‍ കിട്ടിയെന്ന് ചോദിച്ച കോടതി, ജയിലില്‍ നിരവധി തടവ് പുളളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ലെന്നും നിരീക്ഷിച്ചു. എന്താണ് ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചു.

സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തന്‍ 2014 ജനുവരിയിലാണ് ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാല്‍ നാല് വര്‍ഷം തടവ് പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞനന്തന്‍ 389 ദിവസം പരോളിലാണെന്ന് ജയില്‍ രേഖകള്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് കുഞ്ഞനന്തന് നല്‍കിയിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിന് നേരത്തെ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അസുഖമുണ്ടെങ്കില്‍ പരോള്‍ അനുവദിക്കുകയല്ല വേണ്ടത്. മറിച്ച് സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. പരോളിലിറങ്ങുന്ന കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും രമ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലാണ് ഹൈക്കോടതി സര്‍ക്കാരിനെ അന്ന് രൂക്ഷമായി വിമര്‍ശിച്ചത്. ഇങ്ങനെ പരോള്‍ നല്‍കുന്നത് ശരിയല്ലെന്നും ഹൈക്കോടതി സര്‍ക്കാരിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞനന്തന് ഹൈക്കോടതി നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ടി.പി.വധക്കേസില്‍ 13ാം പ്രതിയാണ് കുഞ്ഞനന്തന്‍.

കുഞ്ഞനന്തന് പരിധിവിട്ട് പരോള്‍ നല്‍കിയത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് രമയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പരോള്‍ ദിനങ്ങള്‍ ശിക്ഷയനുഭവിച്ചതായി കണക്കാക്കരുതെന്നും രമ ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE