പിണറായി വീണ്ടും ഡല്‍ഹിക്ക്; ചൊവ്വാഴ്ച മോദിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണു കൂടിക്കാഴ്ചയ്ക്കു സമയം നല്‍കിയിട്ടുള്ളത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും പിണറായി സന്ദര്‍ശിക്കും. തിങ്കളാഴ്ച വൈകിട്ട് ഡല്‍ഹിക്കു പോകുന്ന മുഖ്യമന്ത്രി, ബുധനാഴ്ച പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുക.

അമേരിക്കയിലെ വിദഗ്ദ്ധ ചികിത്സയ്ക്കുശേഷം ഞായറാഴ്ച പുലര്‍ച്ചെ മടങ്ങിയെത്തിയ മുഖ്യമന്ത്രി ഔദ്യോഗിക ചുമതലകളില്‍ സജീവമായി. കാത്തുനിന്ന ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നിറഞ്ഞുചിരിച്ചു കൈയുയര്‍ത്തിക്കാട്ടിയാണു മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലേയ്ക്കു പ്രവേശിച്ചത്. മൂന്നാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഓഫിസിലെത്തുന്നത്.

SHARE