അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല,നീതിയും നിഷേധിച്ചാല്‍ ‘മഹാഭാരതം’ ആവര്‍ത്തിക്കുമെന്ന് മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: അയോദ്ധ്യ വിഷയത്തില്‍ കടുത്ത നിലപാട് ആവര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. സത്യവും നീതിയും നിഷേധിച്ചാല്‍ ‘മഹാഭാരതം’ ആവര്‍ത്തിക്കുമെന്ന് മോഹന്‍ ഭഗവത് വ്യക്തമാക്കി. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം പണിയുമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസവും ഭഗവത് സൂചിപ്പിച്ചിരുന്നു.

ഹേമന്ദ് ശര്‍മ്മ, അയോധ്യയെ കുറിച്ച് എഴുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിലാണ് ഭഗവത് നിലപാട് ആവര്‍ത്തിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വ്യക്തിതാല്‍പര്യവും അഹങ്കാരവും ഈ വിഷയത്തില്‍ ഏവരും ഉപേക്ഷിക്കണമെന്നും ഭഗവത് വ്യക്തമാക്കി. നിക്ഷിപ്ത താല്‍പര്യങ്ങള്‍ ക്ഷേത്ര നിര്‍മാണത്തെ കൂടുതല്‍ വൈകിപ്പിക്കുമെന്നും ഭഗവത് തുറന്നടിച്ചു. നീതിയും സത്യവും നിഷേധിച്ചാല്‍ ‘മഹാഭാരതം’ ആര്‍ക്കും ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഭഗവത് ആവര്‍ത്തിച്ചു.

സ്വതന്ത്രത്തിന് ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റം അയോധ്യയില്‍ ഉണ്ടാകുമെന്ന് അമിത ഷാ പ്രതികരിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സഹകരണത്തോടെ രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. എന്നാല്‍, രാമന്റെ വനവാസം 14 വര്‍ഷമായിരുന്നെന്നും അയോധ്യയുടെ വനവാസം 500 വര്‍ഷത്തിന് ശേഷവും തുടരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും മോഹന്‍ ഭഗവത് ആരോപിച്ചു. അനീതിയുമായി നാം മുന്നോട്ട് പോയാല്‍ അക്രമം ഉണ്ടാകുക തന്നെ ചെയ്യുമെന്നും ഭഗവത് മുന്നറിയിപ്പ് നല്‍കി.

SHARE