ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റില്‍ നിയമോപദേശം തേടി പൊലീസ്, ഐജി വിജയ് സാഖറെ സീനിയര്‍ പ്ലീഡറുമായി ചര്‍ച്ച നടത്തുന്നു

കൊച്ചി : കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫീസിലെത്തി നിയമോപദേശം തേടുകയാണ്. ഡിജിപി ഓഫീസിന്റെ ചുമതലയുള്ള സീനിയര്‍ പ്ലീഡറുമായാണ് ഐജി ചര്‍ച്ച നടത്തുന്നത്. ഫ്രാങ്കോയുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഐജിയുടെ ഡിജിപി ഓഫീസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാകും അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പൊലീസ് ഇപ്പോഴും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം അന്വേഷണസംഘം തീരുമാനം എടുക്കുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ രാവിലെ വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നു എന്നതുകൊണ്ട് അറസ്റ്റിന് നിയമതടസ്സമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിരുന്നു.

പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് സെല്ലിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചോദ്യങ്ങള്‍ക്ക് ബിഷപ്പ് നല്‍കുന്ന മറുപടികള്‍ തൃപ്തികരമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular