‘തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീടു നിയമസഭ കണ്ടിട്ടില്ല’ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുന്നറിയിപ്പുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം: തന്നെ ശാസിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മുന്നറിയിപ്പുമായി പി.സി ജോര്‍ജ് എം.എല്‍.എ. തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീടു നിയമസഭ കണ്ടിട്ടില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. നിയമസഭയുടെ സദാചാര കമ്മിറ്റിയില്‍ നിന്നു മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതു തീരുമാനിക്കേണ്ടതു സ്പീക്കര്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കന്യാസ്ത്രീയെ അവഹേളിച്ചതിന്റെ പേരില്‍ ജോര്‍ജിനെതിരായ പരാതി കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് അതില്‍ അംഗം കൂടിയായ അദ്ദേഹം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ രംഗത്ത് വന്നതെന്നും ശ്രദ്ധേയമാണ്.

വിദേശത്തു മന്ത്രിമാര്‍ പണം പിരിക്കാന്‍ പോകുന്നതിനോടു യോജിപ്പില്ല. ആ പേരുദോഷം കൂടി പിണറായി സര്‍ക്കാര്‍ മേടിക്കരുത്. വിദേശസഹായം സ്വീകരിക്കാനുള്ള തടസ്സങ്ങള്‍ നീക്കാനുള്ള മാന്യത ഈ ഘട്ടത്തിലെങ്കിലും പ്രധാനമന്ത്രി കാണിക്കണം. കേന്ദ്രം കൂടുതല്‍ സഹായം തരുന്നില്ലെങ്കില്‍ കടമായി വാങ്ങണം. പ്രളയാനന്തരം കേരളം നേരിടുന്ന പുതിയ ശാസ്ത്രീയ പ്രതിഭാസങ്ങളെ കുറിച്ചു സര്‍ക്കാര്‍ പഠിക്കുകയും നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം പി.സി.ജോര്‍ജ് പറഞ്ഞു. നിയമസഭയുടെ അന്തസ്സ് പാതാളത്തിലേക്കു ചവിട്ടിതാഴ്ത്തി എന്ന സ്പീക്കറുടെ പരാമര്‍ശനത്തിനു നമ്മുടെ നിയമസഭയെ മഹാബലിയുമായി താരതമ്യം ചെയ്താല്‍ എങ്ങുമെത്തില്ലെന്നും അങ്ങ് സ്പീക്കറായിരിക്കുന്ന നിയമസഭയുടെ അന്തസ്സ് പൊക്കിനിര്‍ത്താന്‍ തനിക്കു കഴിയില്ലെന്നും ജോര്‍ജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

pathram desk 1:
Leave a Comment