കരുണാകരനെതിരെ കളിച്ചത് അഞ്ചുപേരെന്ന് പത്മജ, രാജിക്ക് മുന്‍കൈ എടുത്തത് നരസിംഹറാവു..; ഗൂഢാലോചനയെക്കുറിച്ച് അറിവില്ലെന്ന് മുരളീധരന്‍

കോഴിക്കോട് : ഐഎസ്ആര്‍ഒ ചാരക്കേസില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചു നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന പത്മജ വേണുഗോപാലിന്റെ ആരോപണം കെ മുരളീധരന്‍ തള്ളി. ഇതേക്കുറിച്ച് തനിക്കറിയില്ല. തന്റെ കയ്യില്‍ ഇതുസംബന്ധിച്ച് തെളിവൊന്നുമില്ല. അക്കാര്യം പത്മജയോട് ചോദിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ചാരക്കേസില്‍ സസ്പെന്‍ഷനിലായ ഐജി രമണ്‍ ശ്രീവാസ്തവയ്ക്ക് വരെ നീതി കിട്ടി. പക്ഷെ നീതി കിട്ടാതെ മരിച്ചത് കെ കരുണാകരന്‍ മാത്രമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ചാരക്കേസില്‍ കെ കരുണാകരന്റെ രാജിക്ക് മുന്‍കൈ എടുത്തത് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയും ആയിരുന്ന പിവി നരസിംഹറാവുവാണ്. ബാബറി മസ്ജിദ് തകര്‍ച്ചയോടെ, ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തിയതില്‍ നരസിംഹറാവിവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു. നരസിംഹറാവുവിന് പകരം ഉയര്‍ന്ന പേരുകളില്‍ കരുണാകരന്റെ പേരും ഉണ്ടായിരുന്നു.

അതേസമയം ഐഎസ്ആര്‍ഓ ചാരക്കേസില്‍ സുപ്രീം കോടതിയില്‍ നമ്പി നാരായണന് അനുകൂലമായി വിധി വന്നതിന് പിന്നാലെ രാഷ്ട്രീയയുദ്ധം ചൂടുപിടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ. ചാരക്കേസില്‍ കെ കരുണാകരനെ കുരുക്കാനായി കളിച്ചത് അഞ്ചു പേരാണെന്ന് പത്മജ പറഞ്ഞു. നീതി കിട്ടാനായി ഈ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനോട് പറയുമെന്നും പത്മജ പറഞ്ഞു.

പേരുകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താനാവില്ലന്നും ഇക്കാര്യത്തില്‍ സഹോദരന്‍ കെ മുരളീധരനുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും പത്മജ പറഞ്ഞു.ഇതില്‍ മാധവറാവു സിന്ധ്യ, ബല്‍റാം ഝക്കര്‍ എന്നിവരെ ഹവാല കേസില്‍പ്പെടുത്തി രാജിവെപ്പിച്ചു. എന്നാല്‍ കരുണാകരനെതിരെ ആക്ഷേപം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ചാരക്കേസ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് നരസിംഹറാവുവാണ് കരുണാകരനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍, കരുണാകരന്‍ രാജിവെക്കണമെന്ന സന്ദേശം ജി കെ മൂപ്പനാര്‍ തന്നെ വിളിച്ചാണ് പറഞ്ഞത്. രാജിവെച്ച് ഡല്‍ഹിക്ക് വരാനാണ് കരുണാകരനോട് നരസിംഹറാവു ആവശ്യപ്പെട്ടത്. രാജിവെച്ച് ഒരുമാസം കരുണാകരന് ഒരു പദവിയും റാവു നല്‍കിയില്ല. പിന്നീട് അപ്രധാന വകുപ്പ നല്‍കി കേന്ദ്രമന്ത്രിയാക്കുകയായിരുന്നു.

നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുള്ളിടത്തോളം കരുണാകരന്‍ രാജിവെക്കേണ്ടെന്ന് ഒരാഴ്ച മുമ്പ് പറഞ്ഞ നരസിംഹറാവുവാണ് പിന്നീട് പൊടുന്നനെ നിലപാട് മാറ്റി ചതിച്ചത്. ഇക്കാര്യം മുമ്പും താന്‍ പറഞ്ഞിട്ടുണ്ട്. ചാരക്കേസില്‍ നീതി കിട്ടാത്തത് കരുണാകരന് മാത്രമാണ്. കേസിനെ തുടര്‍ന്ന് ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സര്‍വീസില്‍ തിരികെ എത്തിയ അദ്ദേഹം പൊലീസ് മേധാവിയായാണ് വിരമിച്ചതെന്നും കെ മുരളിധരന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular