ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ വരാമെന്ന് ബിഷപിന്റെ അഭിഭാഷകന്‍; നോട്ടീസ് ഇനിയും കിട്ടിയിട്ടില്ല; അഭിഭാഷകനെ തള്ളി ജലന്ധര്‍ രൂപത

കൊച്ചി: പീഡനക്കേസില്‍ ചോദ്യം ചെയ്യുന്നതിനു ഹാജരാകാന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടിസ് കിട്ടിയിട്ടില്ലെന്നു അഭിഭാഷകന്‍. കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടും. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകും. അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ് പറഞ്ഞു.

എന്നാല്‍ അഭിഭാഷകന്റെ വാദം തള്ളി ജലന്ധര്‍ രൂപത പിന്നീടു രംഗത്തെത്തി. നിലപാടു പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്തര്‍ രൂപത വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു.
ഇമെയില്‍ വഴിയും ജലന്ധര്‍ പൊലീസ് മുഖേനയുമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടിസ് കേരള പൊലീസ് അയച്ചത്. സിആര്‍പിസി 41 എ വകുപ്പു പ്രകാരമാണ് ബിഷപ്പിന് നോട്ടിസ് അയച്ചത്. ചോദ്യം ചെയ്യുന്നതിനു ബിഷപ് ഹാജരായാല്‍ വൈക്കം ഡിവൈഎസ്പി ആയിരിക്കും നേതൃത്വം നല്‍കുക. ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യങ്ങളുള്ളതായാണ് പൊലീസിന്റെ വിലയിരുത്തല്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് അറസ്റ്റിലേക്ക് നീങ്ങുമെന്നും നേരത്തെ സൂചനയുണ്ടായിരുന്നു. ഇങ്ങനെയൊരു നീക്കമുണ്ടാകുമോ എന്ന് സംശയിച്ചാണ് അഭിഭാഷകന്‍ പ്രതികരിച്ചതെന്ന് കരുതുന്നു.

SHARE