19ന് ബിഷപ്പ് ഫ്രാങ്കോ കോട്ടയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണം,വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേരള പോലീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചു. സെപ്റ്റംബര്‍ 19ന് ബിഷപ്പ് കോട്ടയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നും ഐ ജി വിജയ് സാഖറെ മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണപുരോഗതി വിലയിരുത്താന്‍ ഇന്നു ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ണായകതീരുമാനമുണ്ടായത്.

ഇരയായ കന്യാസ്തീയുടെ മൊഴിയിലും മറ്റു സാക്ഷിമൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും ഇത് പരിഹരിച്ചില്ലെങ്കില്‍ കേസില്‍ പ്രതിയ്ക്ക് അനുകൂലമായ അവസ്ഥയുണ്ടാകുമെന്നും ഐജി പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നാളെ കോടതിയില്‍ മറുപടി നല്‍കുമെന്ന് ഐജി പറഞ്ഞു. മതിയായ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസിന് ആസ്പദമായ സംഭവം പഴയതാണെന്നും ശാസ്ത്രീയമായ തെളിവുകളുടെ അഭാവമുണ്ടെന്നും ഐജി ചൂണ്ടിക്കാട്ടി. കേസിന് പിന്‍ബലം നല്‍കുന്നതില്‍ ഏറെയും സാക്ഷിമൊഴികളാണ്. ഇവയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചു വരികയാണെന്നും ഐജി ചൂണ്ടിക്കാട്ടി. കോട്ടയം എസ്പി അന്വേഷണപുരോഗതി എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7