ബാങ്കുകളുടെ തട്ടിപ്പിനെ കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു: രഘുറാം രാജന്‍

ന്യൂഡല്‍ഹി: നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട ബാങ്കുകളുടെ വന്‍ തട്ടിപ്പുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ (പി.എം.ഒ.) നേരത്തേ അറിയിച്ചിരുന്നതായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് സമിതിക്കയച്ച റിപ്പോര്‍ട്ടിലാണ് രാജന്‍ ഇക്കാര്യം പറയുന്നത്.

എന്നാല്‍, ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് ഇതു സംഭവിച്ചതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ അവസാനകാലത്തും എന്‍.ഡി.എ. സര്‍ക്കാരിന്റെ തുടക്കത്തിലും (2013 സെപ്റ്റംബര്‍ നാല്-2016 സെപ്റ്റംബര്‍ നാല്) അദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു.

എന്നാല്‍, രഘുറാം രാജന്റെ ആരോപണം കോണ്‍ഗ്രസ് രാഷ്ട്രീയായുധമാക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയുമാണ് രാജന്‍ ഉദ്ദേശിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. എന്തുകൊണ്ടാണ് മോദി തട്ടിപ്പുകാര്‍ക്കെതിരേ നടപടിയെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. യു.പി.എ. സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ 2.83 ലക്ഷം കോടി രൂപയായിരുന്നു നിഷ്‌ക്രിയ ആസ്തി. എന്നാല്‍ ഇന്നത് 12 ലക്ഷം കോടി രൂപയായെന്നും സുര്‍ജേവാല ആരോപിച്ചു.

17,500 കോടി രൂപയുടെ വായ്പത്തട്ടിപ്പുകളില്‍ നടപടിയെടുക്കണമെന്ന് രാജന്‍ 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചിരുന്നതായി അന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

തട്ടിപ്പുകേസുകള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ ഒരു സമിതി രൂപവത്കരിച്ചെന്നും അതിന്റെ ഭാഗമായാണ് പി.എം.ഒ.യ്ക്ക് ഈ വിവരം നല്‍കിയതെന്നും രാജന്‍ വിശദമാക്കി.

”അന്വേഷണ ഏജന്‍സികള്‍ക്ക് ഇത്തരം വിവരം നല്‍കുന്നതിനുവേണ്ടിയായിരുന്നു സമിതി. വന്‍ തട്ടിപ്പുകളുടെ പട്ടിക ഞാന്‍ പി.എം.ഒ.യ്ക്കും നല്‍കി. ഒന്നോ രണ്ടോ പേര്‍ക്കെതിരേ കേസെടുക്കണമെന്നും അതില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പിന്നീടതിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചില്ല”-റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ തട്ടിപ്പു നടത്തിയ ഒരാളുടെ പേരില്‍പ്പോലും കേസെടുക്കാത്ത സ്ഥിതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒമ്പതുലക്ഷം കോടി രൂപയോളം വരുന്ന രാജ്യത്തെ കിട്ടാക്കടത്തിന്റെ കാരണം കണ്ടെത്താന്‍ പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടതു പ്രകാരമാണ് 17 പേജുള്ള റിപ്പോര്‍ട്ട് അദ്ദേഹം നല്‍കിയത്. ബാങ്കുകളുടെ അമിത ശുഭാപ്തിവിശ്വാസം, തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസം, മന്ദഗതിയിലുള്ള സാമ്പത്തികവളര്‍ച്ച എന്നിവയാണ് കിട്ടാക്കടം പെരുകാന്‍ പ്രധാന കാരണമെന്ന് അതില്‍ പറയുന്നു.

പൊതുമേഖലാ ബാങ്കുകളില്‍ നടക്കുന്ന തട്ടിപ്പുകളുടെ എണ്ണം കൂടിവരുന്നു. എന്നാല്‍, നിഷ്‌ക്രിയ ആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ അതു കുറവാണ്. അതുണ്ടാകാതിരിക്കാന്‍ പൊതുമേഖലാ ബാങ്കുകളുടെ ഭരണനിര്‍വഹണം മെച്ചപ്പെടുത്തണം. സര്‍ക്കാരില്‍നിന്ന് അവയെ അകറ്റിനിര്‍ത്തണം. റിസര്‍വ് ബാങ്കിന്റെ ഉത്തരവുകള്‍ ലംഘിക്കുന്ന ബാങ്കുകള്‍ക്കെതിരേ പിഴ ചുമത്തുന്നതില്‍ കുറേക്കൂടി ശ്രദ്ധ കാണിക്കണം.

സമ്പദ്വ്യവസ്ഥ ശക്തമായിരിക്കുകയും അടിസ്ഥാനസൗകര്യ പദ്ധതികള്‍ കൃത്യസമയത്തു പൂര്‍ത്തിയാകുകയും ചെയ്ത 2006-2008 കാലഘട്ടത്തിലാണു (യു.പി.എ. ഭരണം) ഏറ്റവുമധികം കിട്ടാക്കടമുണ്ടായതെന്നും രഘുറാം രാജന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്കുകളെ കുറ്റപ്പെടുത്തുക മാത്രമല്ല, സര്‍ക്കാരുകളുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനും രാജന്‍ മറന്നില്ല. വ്യത്യസ്തതരത്തിലുള്ള ഭരണനിര്‍വഹണ പ്രശ്‌നങ്ങളും നിഷ്‌ക്രിയ ആസ്തി പെരുകുന്നതിനു കാരണമായി. സംശയാസ്പദമായ രീതിയില്‍ കല്‍ക്കരി ഖനികള്‍ അനുവദിക്കുക, അന്വേഷണമുണ്ടാകുമോ എന്ന ഭയം തുടങ്ങിയ കാര്യങ്ങള്‍ മൂലം തീരുമാനങ്ങളെടുക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തി. യു.പി.എ.യുടെയും എന്‍.ഡി.എ.യുടെയും ഭരണകാലത്ത് ഇതുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...