രാഷ്ട്രീയം സംസാരിക്കാനുള്ള തന്റെ ആയുധമാണ് സിനിമ,എത്ര വിമര്‍ശനം ഉയര്‍ന്നാലും പിന്‍മാറില്ലെന്ന് പാ രഞ്ജിത്ത്

സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി പ്രശ്നങ്ങളെക്കുറിച്ച് താന്‍ സംസാരിക്കാറുള്ളപ്പോഴൊക്കെ തന്നെ ജാതി ഭ്രാന്തനായാണ് എല്ലാവരും ചിത്രീകരിക്കാറുള്ളതെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. ഫീച്ചര്‍ സിനിമയായ പരിയേറും പെരുമാളിന്റെ ഓഡിയോ ലോഞ്ചിലാണ്പാ രഞ്ജിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.രാഷ്ട്രീയം സംസാരിക്കാനുള്ള തന്റെ ആയുധമാണ് സിനിമ. എത്ര വിമര്‍ശനം ഉയര്‍ന്നാലും സിനിമയിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്ന രീതി തുടരുമെന്നും പാ രഞ്ജിത്ത് പറഞ്ഞു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയമായ ഉയര്‍ച്ച താഴ്ച്ചകളെക്കുറിച്ച് സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഞാന്‍ ഉപയോഗിക്കും. എനിക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നിരവധിപ്പേര്‍ എന്നെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നവരും ജാതി വ്യവസ്ഥയ്ക്കെതിരെ സംസാരിക്കുന്നവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവാത്ത ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ജാതി വ്യവസ്ഥയെ എതിര്‍ക്കുന്ന ഒരു വിഭാഗം ഇതിനിടയിലുണ്ട്. ആ വിഭാഗത്തില്‍നിന്ന് കൂടുതല്‍ പിന്തുണ ഉണ്ടാകണമെന്നാണ് ഞാന്‍ കരുതുന്നത്.

സിനിമകളിലൂടെ ജാതി വിരുദ്ധ രാഷ്ട്രീയം തുറന്നുകാണിച്ച സംവിധായകനാണ് പാ രഞ്ജിത്ത്. ദളിത് ജീവിതങ്ങളെ അദ്ദേഹം സിനിമകളില്‍ തുറന്നു കാണിച്ചു. അംബേദ്കര്‍ രാഷ്ട്രീയത്തെ അദ്ദേഹം ഇന്ത്യന്‍ സിനിമകളിലേക്ക് നിര്‍ബന്ധപൂര്‍വം കൊണ്ടുവരികയും ചെയ്തു. പാ രഞ്ജിത്തിന്റെ വടക്കന്‍ ചെന്നൈയിലെ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന യുവാക്കളുടെ കഥ പറഞ്ഞ മദ്രാസ്, പിന്നീട് രജനികാന്തിനെ മുഖ്യ കഥാപാത്രമാക്കി അവതരിപ്പിച്ച കബാലി, കാലാ എന്നീ ചിത്രങ്ങള്‍ ഇതിന് മികച്ച ഉദാഹരണങ്ങളാണ്.

Similar Articles

Comments

Advertismentspot_img

Most Popular