ഞാന്‍ വര്‍ഗീയ വാദിയല്ല; ദൈവങ്ങള്‍ ആരാധനാലയങ്ങളിലല്ല മനുഷ്യമനസിലാണ്: മേജര്‍ രവി

കോഴിക്കോട്: ദൈവങ്ങള്‍ ആരാധനാലയത്തിലല്ല മനുഷ്യമനസിലാണെന്നും കേരളത്തിലെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികളാണെന്നും സംവിധായകന്‍ മേജര്‍ രവി. മതത്തിന്റെ പേരില്‍ അല്ല മനുഷ്യനായാണ് താന്‍ എല്ലാവരെയും കാണുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് തൃപ്രയാര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ധീരോജ്ജ്വലം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

‘ദൈവങ്ങള്‍ ആരാധനാലയത്തിലല്ല മനുഷ്യമനസിലാണ്. കേരളത്തിലെ ദൈവങ്ങള്‍ ഇന്ന് മത്സ്യത്തൊഴിലാളികളാണ്. താന്‍ വര്‍ഗീയ വാദിയല്ല, പച്ചയായ മനുഷ്യനാണ്. മതത്തിന്റെ പേരില്‍ അല്ല മനുഷ്യനായാണ് താന്‍ എല്ലാവരെയും കാണുന്നത്’. മേജര്‍ രവി പറഞ്ഞു.

പൈലറ്റുമാരായ ദമ്പതികള്‍ ദേവരാജ് ഇയ്യാനിയെയും ശ്രുതി ദേവരാജിനെയും പരിപാടിയില്‍ ആദരിച്ചു. 15 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് നെല്ലിയാമ്പതിയില്‍ ആതുര സേവനം നടത്തിയ ഡോക്ടര്‍ സതീഷിനെയും ആദരിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ക്ലബ്ബുകളെയും സന്നദ്ധ സംഘടനകളെയും സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റുകളെയും, ക്യാമ്പിന് നേതൃത്വം നല്‍കിയവരെയും ആദരിച്ചു.

ആലുവയിലും പരിസര പ്രദേശങ്ങളിലും പ്രളയക്കെടുതി ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ താന്‍ രണ്ട് ദിവസം കഴിഞ്ഞത് ഒരു മുസ്ലീം പള്ളിയിലായിരുന്നുവെന്ന് നേരത്തെ മേജര്‍ രവി പറഞ്ഞിരുന്നു.

പ്രളയമുണ്ടായപ്പോള്‍ മനുഷ്യന്മാര്‍ ജാതി മതഭേദമന്യേ പ്രവര്‍ത്തിച്ചിരുന്നെന്നും ഇത് വലിയ മാറ്റത്തിന് തുടക്കമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാട് മുഴുവന്‍ വെള്ളത്തിനായപ്പോള്‍ സുരക്ഷാ കേന്ദ്രങ്ങളായി പള്ളികള്‍ തുറന്നു കൊടുത്ത സമീപനം അഭിനന്ദനാര്‍ഹമാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യബന്ധനത്തൊഴിലാളികളുടെ പ്രവര്‍ത്തനം നേരിട്ട് കണ്ടെന്നും അവരുണ്ടായിരുന്നതുകൊണ്ടാണ് ഇത്രത്തോളം ആളുകളെ രക്ഷിക്കാനായതെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

മദ്രയയിലുണ്ടായിരുന്ന എല്ലാവരും ചേര്‍ന്നാണ് സമീപ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അടുത്തുള്ള ഷാജഹാന്‍ എന്നയാളുടെ വീട്ടില്‍നിന്നാണ് മദ്രസയിലേക്ക് ഭക്ഷണം എത്തിച്ചത്. നൂറ് ആളുകള്‍ക്ക് മാത്രം സ്ഥലമുള്ള പള്ളിയില്‍ മുന്നൂറിലധികം ആളുകളായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് ശൗചാലയങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എങ്ങനെയൊക്കെയോ അതിജീവിച്ചു. പ്രളയത്തിന് മുമ്പുവരെ മതത്തിന്റെ പേരില്‍ ചേരിതിരിഞ്ഞ് നിന്നവര്‍ ഇവിടെ ഒരുമിച്ച് നിന്നു. ഹൈന്ദവ വിശ്വാസമുള്ള കുടുംബങ്ങള്‍ മുസ്ലീം പള്ളിയില്‍ അഭയം തേടുന്നത് താന്‍ കണ്ടെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

നേരത്തെ ആര്‍.എസ്.എസ് രഹസ്യ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കലാപാഹ്വാനം ചെയ്യുന്ന മേജര്‍ രവിയുടെ ശബ്ദ സന്ദേശം വലിയ വിവാദമായിരുന്നു. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നുമായിരുന്നു മേജര്‍രവി പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular