മലയാളത്തിലെ മഹാനടന്മാര്‍ പ്രഭാസിനെ കണ്ടുപഠിക്കൂ…; സിനിമാതാരങ്ങള്‍ക്കെതിരേ മന്ത്രി കടകംപള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കിയതു മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു.
പ്രളയംബാധിച്ച സമയത്തുതന്നെ ഒരുകോടി രൂപ നടന്‍ പ്രഭാസ് വാഗ്ദാനം ചെയ്തിരുന്നു.മറ്റുഭാഷകളിലെ പല നടീനടന്മാരും വന്‍തുകകള്‍ സഹായധനം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നിട്ടും മലയാള നടന്മാര്‍ കാര്യമായ സംഭാവനകള്‍ നല്‍കാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

പ്രളയക്കെടുതി നേരിടുന്നതില്‍ സിനിമാ താരങ്ങള്‍ പൊതുവില്‍ പുലര്‍ത്തുന്ന നിസംഗതയ്ക്കെതിരെ നടി ഷീല രംഗത്ത് എത്തിയിരുന്നു. സിനിമാ താരങ്ങള്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്ന് ഷീല അഭിപ്രായപ്പെട്ടു.

കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. താരങ്ങള്‍ എല്ലാവരും അവരുടെ ഒരു സിനിമയിലെ പ്രതിഫലം നല്‍കിയിരുന്നെങ്കില്‍ എത്ര വലിയ തുക ആയേനെ. നാല് കോടിയുടെ കാറില്‍ സഞ്ചരിക്കുന്ന താരങ്ങളുണ്ടെന്നും ഷീല പറഞ്ഞുദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താരനിശ നടത്തി പണം കണ്ടെത്തണമെന്നും ഷീല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷീല അഞ്ചുലക്ഷം രൂപ സംഭാവന നല്‍കി.

അതേസമയം, തെന്നിന്ത്യയിലെ നിരവധി താരങ്ങള്‍ കേരളത്തെ സഹായിക്കാന്‍ രംഗത്തെത്തിയിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ 80ലെ സൂപ്പര്‍ നായികമാരായ ലിസി, സുഹാസിനി, ഖുശ്ബു എന്നിവര്‍ അടങ്ങുന്ന സംഘം 40 ലക്ഷം രൂപയാണ് കൈമാറിയത്.
സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. താരങ്ങള്‍ മാത്രമല്ല ചെന്നൈയിലെ പരിചയക്കാരും ഇതിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഇവര്‍ വ്യക്തിപരമായ സഹായങ്ങള്‍ നേരത്തെ നല്‍കിയിരുന്നു അതിനു പുറമെയാണിത്.

പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച ‘കെയര്‍ കേരള’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ തിരുവനന്തപുരത്തായിരുന്നു മലയാള നടന്‍മാര്‍ക്കെതിരേ മന്ത്രിയുടെ പ്രതികരണം. പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 1500 വീടുകള്‍ നിര്‍മിച്ചുനല്‍കാനായി 75 കോടി രൂപ സംഘങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് സഹകരണവകുപ്പ് തീരുമാനം.

അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ പ്രളയബാധിതരെ സഹായിക്കാനായി ഒരുമാസത്തെ പെന്‍ഷന്‍തുക നല്‍കി!. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി.സുധാകരന്‍, എ.കെ.ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.രാജു, സി.രവീന്ദ്രനാഥ്, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ ഭാര്യമാരാണു ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍തുക നല്‍കിയത്. തടവുകാര്‍ സ്വരൂപിച്ച 15 ലക്ഷം രൂപ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ മുഖ്യമന്ത്രിക്കു കൈമാറി.

SHARE