മലയാളികളെ ‘നാണംകെട്ടയാളുകളുടെ സംഘം’ എന്ന് പറഞ്ഞ അര്‍ണബ് ഗോസ്വാമി 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം

ചാനല്‍ ചര്‍ച്ചയില്‍ മലയാളികളെ നാണം കെട്ടയാളുകളുടെ സംഘമെന്ന് പറഞ്ഞ അര്‍ണബ് ഗോസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസ്. മഹാ പ്രളയത്തെ അതിജീവിച്ച് ദുരിതാശ്വാസ തുക കണ്ടെത്തുന്നതിനായി ലോകമെങ്ങും ആഹ്വാനങ്ങള്‍ നടക്കുന്നതിനിടെ ചാനല്‍ചര്‍ച്ചയിലാണ് ‘നാണംകെട്ട ആളുകളുടെ സംഘം’ എന്ന് മലയാളികളെ അര്‍ണബ് അപമാനിച്ചത്. മലയാളികളെ അപമാനിക്കുന്ന പരാമര്‍ശമാണ് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് നടത്തിയതെന്നും ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും സിപിഎം നേതാവ് പി ശശി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും നോട്ടീസില്‍ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എവിടെനിന്നോ പണംവാങ്ങി രാജ്യത്തെ അപമാനിക്കുന്ന പ്രത്യേക ഗ്രൂപ്പാണ് മലയാളികള്‍ എന്ന തരത്തിലുളള അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെയാണ് പി.ശശി വക്കീല്‍ നോട്ടീസ് അയച്ചത്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുളള വിമര്‍ശനമല്ല അദ്ദേഹം നടത്തിയതെന്നും മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടുവെന്നും ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് പി.ശശി പറഞ്ഞു.

അപമാനകരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അര്‍ണബ് മാപ്പപേക്ഷ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇല്ലങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.ശശി പറഞ്ഞു. പീപ്പിള്‍ ലോ ഫൗണ്ടേഷന്‍ അധ്യക്ഷനെന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്.

കേരളത്തിനുള്ള യുഎഇ സഹായം ഒരു കളവാണെന്നും 700 കോടി രൂപയുടെ ധനസഹായം എന്നത് 2018ലെ ഏറ്റവും വലിയ വ്യാജ വാര്‍ത്തയാണെന്നുമാണ് റിപ്പബ്‌ളിക് ടിവി ചര്‍ച്ചയ്ക്കിടെ അര്‍ണബ് പറഞ്ഞിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതിലും വെച്ച് ഏറ്റവും നാണംകെട്ട ആളുകളുടെ സംഘം എന്ന് ഗോസ്വാമി മലയാളികളെ കുറിച്ച് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചാനലിനെതിരേയും അര്‍ണബിനെതിരേയും വ്യാപക വിമര്‍ശനങ്ങളുമായി നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular