നഷ്ടപരിഹാരം ലഭിക്കാന്‍ പ്രളയബാധിതരില്‍ നിന്ന് ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ടു; ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊച്ചി: പ്രളയദുരന്തത്തിന്റെ ആഘാതത്തില്‍പെട്ടവരെ നഷ്ടപരിഹാരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഇന്‍ഷുറന്‍സ് ഇടപാടുകാരാണു തട്ടിപ്പുമായി രംഗത്തിറങ്ങിയത്. ബിസിനസ് നശിച്ചവര്‍ക്കു നഷ്ടപരിഹാരം ലഭിക്കാന്‍ ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ട ഇന്‍ഷുറന്‍സ് സര്‍വേയര്‍ ഉമ മഹേശ്വരറാവു ആണ് കൊച്ചിയില്‍ അറസ്റ്റിലായത്. ഇയാളുടെ താമസസ്ഥലം പൊലീസ് റെയ്ഡ് ചെയ്തു. മുംബൈ ആസ്ഥാനമായ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സര്‍വേയറാണിയാള്‍.

ലഭിക്കാനിടയുള്ള നഷ്ടപരിഹാരത്തിന്റെ 40 ശതമാനം തുക മുന്‍കൂര്‍ നല്‍കിയാലേ നഷ്ടക്കണക്ക് കമ്പനിക്ക് അയക്കൂവെന്നാണ് എല്ലാം നഷ്ടപെട്ടവരോടുള്ള ഭീഷണി. നാലു ജില്ലകളില്‍ നിന്നുള്ള ബിസിനസുകാരില്‍ നിന്നാണ് ഇയാള്‍ കോഴ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ ഫയല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലേക്ക് അയക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. മഹേശ്വരറാവുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇത്തരത്തില്‍ നിരവധി സര്‍വേയര്‍മാര്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നു പിടിയിലായ മഹേശ്വരറാവു പൊലീസിനോടു പറഞ്ഞു. അതേസമയം, ഈ തട്ടിപ്പില്‍ പങ്കില്ലെന്ന നിലപാടിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍.

Similar Articles

Comments

Advertismentspot_img

Most Popular