ഫൈനലില്‍ കാലിടറി……എഷ്യന്‍ ഗെയിംസില്‍ പി.വി സിന്ധുവിന് വെള്ളി

ജക്കാര്‍ത്ത: എഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് വെള്ളി. ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഇന്ത്യയുടെ തന്നെ സൈന നെഹ്‌വളിനാണ് വെങ്കലം.

എഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത വെള്ളിമെഡല്‍ നേട്ടമാണിത്. ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള തായ് സൂ യിങ് ഫൈനലില്‍ സിന്ധുവിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പൊരുതി നോക്കിയെങ്കിലും സിന്ധുവിന്റെ നേട്ടം വെള്ളിയില്‍ ഒതുങ്ങി.

ആദ്യ സെറ്റ് 21-13 ന് നഷ്ടപ്പെടുത്തിയ സിന്ധു രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും തായ് സൂ യിങിന്റെ ഓള്‍റൌണ്ട് പ്രകടനത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. രണ്ടാം സെറ്റ് 21-16 ല്‍ അവസാനിച്ചതോടെ തായ് സൂ യിങിന് സ്വര്‍ണ്ണം.സെമിഫൈനലില്‍ ജപ്പാന്റെ അകനെ യമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സെമിയില്‍ ഇന്ത്യയുടെ തന്നെ സൈന നെഹ്‌വളിനെ പരാജയപ്പെടുത്തിയാണ് തായ് സൂ യിങ് ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

1982 എഷ്യന്‍ ഗെയിംസില്‍ സെയ്ദ് മോദി വെങ്കലം നേടിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ വ്യക്തിഗത വിഭാഗത്തില്‍ എഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണില്‍ മെഡല്‍ നേടുന്നത്. സ്വര്‍ണ്ണം നഷ്ടമായെങ്കിലും സിന്ധുവിന്റെ വെള്ളിയും, സൈനയുടെ വെങ്കലവും ഇന്ത്യക്ക് ഇരട്ടിമധുരം പകരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular