ഞങ്ങളുടെ സ്വഭാവത്തില്‍ ഒരുപാടു വ്യത്യാസങ്ങള്‍ ഉണ്ടെന്ന് നസ്രിയ!!! എന്റെ ചോയ്‌സ് സിനിമയല്ല, പിന്തുടരുന്നത് മറ്റൊന്നിനെയെന്ന് ഫഹദ് ഫാസില്‍

വിവാഹം കഴിഞ്ഞ് 4 വര്‍ഷമായിട്ടും ജീവിതത്തില്‍ അതേ പ്രണയം കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ടു പോകുന്ന താര ദമ്പതികളാണ് ഫഹദും നസ്രിയയും. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തെക്കുറിച്ചും സിനിമയേക്കുറിച്ചും ഇരുവരും മനസ്സു തുറന്നു.

ഇപ്പോഴുള്ള ‘ഡിസിപ്ലിന്‍’ ഉണ്ടായത് നസ്രിയയുടെ കൂടെ ചേര്‍ന്നതില്‍ പിന്നെയാണ്. ഈ മാനസികാവസ്ഥയിലേക്ക് എന്നെ എത്തിക്കാന്‍ നസ്രിയയ്ക്ക് നാലു വര്‍ഷം വേണ്ടി വന്നു. ഇനിയൊരു അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഞാന്‍ കുറച്ചു കൂടി മാറിയേക്കും.

ജീവിതത്തില്‍ എനിക്ക് ‘എക്സ്പ്രസ്സ്’ ചെയ്യാനറിയില്ല. ടെന്‍ഷനൊന്നും തുറന്നു പറയില്ല. ഒരിക്കല്‍ എംടിയുടെ ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ ടിവിയില്‍ വന്നു. ഈ സിനിമ കണ്ടിട്ടുണ്ടോ എന്നു നസ്രിയയോടു ചോദിച്ചപ്പോള്‍ ഒരു നിമിഷം ആലോചിച്ചു കഴിഞ്ഞ് ഉത്തരം വന്നു, ”സിനിമ കണ്ടിട്ടില്ല. പക്ഷേ, അതു പോലൊരാള്‍ ഈ വീട്ടിലുണ്ട്…” ഫഹദ് പറഞ്ഞു.

‘ഫഹദിന്റെ ജീവിതത്തില്‍നിന്ന് ഞാനൊന്നും എടുത്തുമാറ്റിയിട്ടില്ല. പണ്ടു ഫഹദ് എങ്ങെനയായിരുന്നോ ഇപ്പോഴും അങ്ങനെ തന്നെ. എന്തെങ്കിലും ടെന്‍ഷനുണ്ടെങ്കില്‍ ഫഹദ് പറയില്ല. ആള്‍ക്കൂട്ടത്തിനിടയിലാണെങ്കിലും വേറേതോ ലോകത്തു നില്‍ക്കും പോലെ. അപ്പോള്‍ നമുക്കു മനസ്സിലാകും. പിന്നെ പുറകേ നടന്ന് ചോദിച്ച് കാര്യം കണ്ടുപിടിക്കണം.

ഞങ്ങളുടെ സ്വഭാവത്തില്‍ ഒരുപാടു വ്യത്യാസങ്ങള്‍ ഉണ്ട്. അത്തരം വ്യത്യാസങ്ങളാണ് ജീവിതം കുറച്ചുകൂടി എളുപ്പമാക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഒരു യാത്ര പോകുകയാണെങ്കില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്താല്‍ എവിടെയാണോ പോകേണ്ടത് അവിടെ എത്തിയാലേ ഫഹദ് കാര്‍ നിര്‍ത്തൂ. പക്ഷേ, ഞാനങ്ങനെയല്ല, ഇടയ്ക്കിടെ ഇറങ്ങി, ഷോപ്പിങ്ങൊക്കെ ചെയ്ത്…ആള്‍ക്കൂട്ടത്തിലേക്കൊക്കെ ഇറങ്ങാന്‍ ഫഹദിന് പേടിയാണ്. ഞാനങ്ങനെയല്ല.’ നസ്രിയ പറയുന്നു.

കുറേ സാമ്യങ്ങളും ഉണ്ട്. ദാ, ഇപ്പോള്‍ ഒന്നു ബംഗ്ലൂരേക്ക് പോയാലോ എന്നു ചോദിച്ചാല്‍ പിന്നെന്താ പോവാം എന്നു പറഞ്ഞ് നസ്രിയ ചാടി വീഴും. ഏതു ചെറിയ ‘എക്സൈറ്റ്മെന്റിനും’ നസ്രിയയുണ്ട്. എന്റെ വീട്ടില്‍ നേരെ തിരിച്ചായിരുന്നു. എപ്പോള്‍ പുറപ്പെടണം എവിടൊക്കെ പോണം. എല്ലാത്തിനും കൃത്യമായ മുന്നൊരുക്കം ഉണ്ടാവും. ഞങ്ങള്‍ രണ്ടും അങ്ങനെയല്ല. യാത്രകളധികവും ഒരു പ്ലാനിങ്ങും ഇല്ലാതെയാണ്. ഇറങ്ങുമ്പോഴും കൃത്യമായ തീരുമാനമുണ്ടാവില്ല, എങ്ങോട്ടാണെന്ന്, ഫഹദ് പറയുന്നു.

റൂമിയുടെ കടുത്ത ആരാധകനാണ് ഫഹദ്. ഫിലോസഫി പഠിച്ചതു കൊണ്ടല്ല, റൂമിയുടെ കവിതകളും തത്വചിന്തയും ഒരുപാടിഷ്ടമാണ്. പക്ഷേ, റൂമിയുടെ പുസ്തകങ്ങള്‍ വീട്ടില്‍ വയ്ക്കരുതെന്ന് ഭാര്യ പറഞ്ഞതുകൊണ്ട് ഒരെണ്ണം മാത്രമേ ഉള്ളൂ. ബാക്കി ഓഫിസിലുണ്ട്.

നമ്മളെ തന്നെ തിരിഞ്ഞു നോക്കുന്നവയാണ് റൂമിയുടെ ഫിലോസഫി. ആരെയും വേദനിപ്പിക്കാന്‍ പാടില്ല. വേദനകളില്‍ സ്വയം നീറുന്നതാണ് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനേക്കാള്‍നല്ലതെന്നാണ് റൂമി പറയുന്നത്. പക്ഷേ, ജീവിതത്തില്‍ ഇതു പലപ്പോഴും സംഘര്‍ഷങ്ങളുണ്ടാക്കിയേക്കാം. ഞാനിപ്പോഴും പിന്തുടരുന്നത് സിനിമയെ അല്ല വേറെന്തോ ആണെന്നു തോന്നാറുണ്ട്. അതെന്താണെന്നു തിരിച്ചറിഞ്ഞിട്ടില്ല. എന്തിനെയോ ചെയ്സ് ചെയ്യുന്നു എന്നു മാത്രം അറിയാം, ഫഹദ് മനസ്സു തുറന്നു.

Similar Articles

Comments

Advertismentspot_img

Most Popular