കേന്ദ്രം അനുവദിച്ചാല്‍ കേരളത്തെ സഹായിക്കാം: പാകിസ്ഥാന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ കേരളത്തെ സഹായിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം കേരളത്തിന് ‘മനുഷ്യത്വപരമായ സഹായങ്ങള്‍’ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. കേരളത്തില്‍ പ്രളയം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും അറിയിക്കുന്നതായും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറയുന്നു. നിരവധി മലയാളികളുള്ള ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സഹായവാഗ്ദാനം പോലും വ്യാപകമായ വിവാദമായ സാഹചര്യത്തില്‍ പാക്കിസ്ഥാനോട് ഇന്ത്യ എപ്രകാരം പ്രതികരിക്കുമെന്നതില്‍ വ്യക്തതയില്ല.

അതേസമയം യു.എ.ഇ നല്‍കിയ 700 കോടി വാങ്ങുന്നതില്‍ കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. യു.എ.ഇ വാഗ്ദാനം ചെയ്ത സഹായം വാങ്ങുന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.വായ്പയായി ധനസഹായം സ്വീകരിക്കാമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിദേശസഹായത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ ഇടപെടല്‍.ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്ബത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല.

വിദേശരാജ്യങ്ങളുടെയും ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ നയമാണു ഇതിനു തടസം. 700 കോടി കേരളത്തിനാവശ്യമാണെന്നും കേന്ദ്രം നയം തിരുത്തണമെന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ചനടത്തിയെന്നും കണ്ണന്താനം പറഞ്ഞു.2004 ല്‍ ബിഹാര്‍ പ്രളയസമയത്ത് അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സ്വീകരിച്ച സാമ്ബത്തിക സഹായമാണ് ഒടുവിലത്തേത്. സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്മോഹന്‍ സിങ് സ്വീകരിച്ച നിലപാട്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്‍കാന്‍ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചു.

വളര്‍ന്നുവരുന്ന സാമ്ബത്തികശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയ്ക്ക് ദുരന്തങ്ങള്‍ നേരിടുകയെന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍ അമേരിക്ക, ചൈന, ജപ്പാന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്. കേരളത്തിന് യുഎഇയും ജപ്പാനും അടക്കം വിദേശരാജ്യങ്ങളും യുഎന്‍ ഉള്‍പ്പെടെ ഏജന്‍സികളും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്വീകരിക്കുന്നതിന് നേരത്തെയുള്ള ഈ നയം തടസമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular