ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഇപ്പോള്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് പ്രാപ്തിയുണ്ടെന്നും ഐക്യരാഷ്ട്ര സഭ അടക്കമുളള രാജ്യാന്തര ഏജന്‍സികളെ ഇന്ത്യ അറിയിച്ചു.
കേരളം രൂക്ഷമായ പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയും റെഡ്ക്രോസും സഹായവാഗ്ദാനവുമായി രംഗത്തുവന്നിരുന്നു. നടപടിക്രമം അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ മുഖേനയാണ് ഈ സഹായം സംസ്ഥാനത്തിന് ലഭിക്കേണ്ടത്. എന്നാല്‍ നിലവില്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇവരെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തത്കാലം വിദേശ ഏജന്‍സികളുടെ ഫണ്ട് ആവശ്യമില്ലെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ദുരിതാശ്വാസ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനാവശ്യമായ ഫണ്ട് കേന്ദ്രം നല്‍കുന്നുണ്ട്. കേരളവും വിഭവസമാഹരണത്തിനാവശ്യമായ നടപടികള്‍ കൈക്കൊളളുന്നുണ്ട്. അതുകൊണ്ടുതന്നെ ദുരിതാശ്വാസ ഘട്ടത്തില്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം വേണ്ട എന്നാണ് കേന്ദ്രം നിലപാട്. ആവശ്യമെങ്കില്‍ നവീകരണഘട്ടത്തില്‍ ഐക്യരാഷ്ട്രസഭയുടേത് അടക്കമുളള സഹായവാഗ്ദാനം സ്വീകരിക്കുന്നത് സംബന്ധിച്ച് ആലോചിക്കാവുന്നതാണ്. കൂടാതെ പ്രത്യേക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ അപ്പോള്‍ അത് പരിഗണിക്കാമെന്നും കേന്ദ്രം അറിയിച്ചു.