5,645 ക്യാംപുകളില്‍ 7,24,649 പേര്‍; പരമാവധി ജീവന്‍ രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി; നശിച്ചു പോയ രേഖകള്‍ വേഗത്തില്‍ നല്‍കും

തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്ന് 5,645 ക്യാംപുകളിലായി 7,24,649 പേര്‍ താമസിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി. ഇന്ന് ഇതുവരെ 13 പേര്‍ മരിച്ചു. ഇന്ന് ഉച്ചവരെ 22,034 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാംപില്‍ ആവശ്യമുള്ള സൗകര്യം ഒരുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി പ്രാദേശിക സഹകരണം ഉറപ്പാക്കും. ക്യാംപില്‍നിന്നു ജനങ്ങള്‍ക്കു വീട്ടിലേക്കു തിരികെ പോകുന്നതിനു വീടിന്റെ സൗകര്യം ഒരുക്കേണ്ടതുണ്ട്. വെള്ളം, വൈദ്യുതി, ഭക്ഷണം ഉറപ്പാക്കണം. ശുദ്ധജലം ഏറ്റവും പ്രധാനമാണ്. ജലശ്രോതസുകള്‍ അടിയന്തരമായി ശുദ്ധീകരിക്കും. ശുദ്ധജല പൈപ്പുകള്‍ മുറിഞ്ഞതു വേഗത്തില്‍ പുനസ്ഥാപിക്കും. പുനരധിവാസത്തില്‍ സഹായിക്കാന്‍ കഴിയുന്ന എല്ലാവരുടേയും സഹായം തേടും. റസിഡന്‍സ് അസോസിയേഷനുകള്‍ക്കു ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു. ഇനി ദുരിതാശ്വാസമാണ്. ആദ്യഘട്ടത്തില്‍ പരമാവധിപ്പേരെ രക്ഷിക്കാനായി. അടുത്തഘട്ടത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. ഇതോടൊപ്പം കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തി അവരെ രക്ഷിക്കുകയും ചെയ്യും.

ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ഭക്ഷണം പാകംചെയ്യാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് ഭക്ഷമെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്യാംപുകളില്‍ വനിതാ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. വൈദ്യുതി പുനസ്ഥാപിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍, വെള്ളത്തില്‍ മുങ്ങിയ വീടുകളിലെ വൈദ്യുതി നില പരിശോധിച്ചതിനുശേഷമേ വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയൂ. തെരുവുവിളക്ക് കത്തിക്കാനും പമ്പിങ്ങിനുമുള്ള വൈദ്യുതി ആദ്യം പുനസ്ഥാപിക്കും. വീടുകളിലെ വൈദ്യുതി അപകട സാധ്യത, തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിക്കും.

വെള്ളം ഇറങ്ങുമ്പോള്‍ ചെളി കെട്ടിക്കിടക്കും. ശുചിത്വം ഇല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകും. ഏറ്റവും പ്രധാനം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതാണ്. സംസ്ഥാന ഹരിത കേരള മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യും. ഇതിനു വേണ്ടി പ്രത്യേക ടീമുകളെ ഓരോ വാര്‍ഡിലും നിയോഗിക്കും. സന്നദ്ധ പ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളാകണം. ഓരോ വാര്‍ഡിലും ഒരു ചുമതലപ്പെട്ട ഉദ്യോഗസ്ഥനുണ്ടാകും. വളണ്ടിയര്‍മാര്‍ക്കു നിര്‍ദേശം നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടാകും. ഒരു പഞ്ചായത്തില്‍ ആറ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പുറമേ കരാര്‍ അടിസ്ഥാനത്തിലും ആളെ നിയമിക്കും. മാലിന്യ നിര്‍മാര്‍ജനത്തിനു പ്രോട്ടോകോള്‍ ഉണ്ടാക്കും. ആരോഗ്യ തദ്ദേശ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സമിതി ഇതു പരിശോധിക്കും. ഫയര്‍ ഫോഴ്‌സും മാലിന്യം നീക്കാനായി പ്രവര്‍ത്തിക്കും.

നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ നല്‍കാന്‍ പുതിയ സംവിധാനം

നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ നല്‍കുന്നതിന് ഐടി അധിഷ്ഠിത സംവിധാനം ഒരുക്കും. നഷ്ടപ്പെട്ട പാഠപുസ്തകം സൗജന്യമായി നല്‍കും. 36 ലക്ഷം പുസ്തകം അച്ചടിച്ചത് ഉണ്ട്. യൂണിഫോം നഷ്ടപ്പെട്ട കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കു യൂണിഫോം നല്‍കും. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും നല്‍കും. കേടായ ബോട്ടുകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. ബോട്ടുകള്‍ തിരികെ മത്സ്യത്തൊഴിലാളികളുടെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

ഗുരുതരമായ രോഗികളെ ക്യംപുകളില്‍നിന്ന് ആശുപത്രികളിലെത്തിക്കും. അവശ്യമെങ്കില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപ് വിവിധയിടങ്ങളില്‍ സംഘടിപ്പിക്കും. റോഡുകള്‍ തകര്‍ന്നതിലൂടെ 4451 കോടിരൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 221 പാലങ്ങള്‍ക്കു കേടുപാട്. 59 പാലം ഇപ്പോഴും വെള്ളത്തിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെയെല്ലാം മുഖ്യമന്ത്രി നന്ദി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7