ഡ്രസ് കറക്കി രക്ഷിക്കാന്‍ വിളിച്ചു; കഷ്ടപ്പെട്ട്‌ താഴെ എത്തിയപ്പോള്‍ സെല്‍ഫി എടുത്തു, തിരിച്ചു പോകാന്‍ പറഞ്ഞു; പ്രളയക്കെടുതിയിലെങ്കിലും അല്‍പ്പം മനുഷ്യത്വം ആയിക്കൂടേ… വിവരിച്ച് നേവി ഉദ്യോഗസ്ഥന്‍

ആര്‍മി, നേവി, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സാഹസികത നിറഞ്ഞതാണ്. അപകടസാധ്യതയും കൂടുതല്‍. എന്നിരുന്നാലും രക്ഷാപ്രവര്‍ത്തനം വളരെ ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നത്. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷപെടുത്താനായി നേവി നടത്തുന്ന രക്ഷാദൗത്യം അതീവ ശ്രമകരമാണ്. കുടുങ്ങിപ്പോയവരെ എല്ലാം രക്ഷപെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യം. അതിനിടയില്‍ ഉണ്ടായ മോശം അനുഭവം പങ്കുവയ്ക്കുകയാണ് രക്ഷാപ്രവര്‍ത്തകനായി നേവി ഉദ്യോഗസ്ഥന്‍. ഹെലികോപ്റ്റര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മനുഷ്യത്വരഹിതമായ സംഭവം ഉണ്ടായത്.

ഒരു ചെറുപ്പക്കാരന്‍ ധരിച്ചിരുന്ന ഷര്‍ട്ട് അഴിച്ച് ഹെലികോപ്റ്ററിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരെ വീശി. വളരെ പണിപ്പെട്ടാണ് ഇവര്‍ അയാളുടെ അടുത്തേക്ക് എത്തിയത്. എന്നാല്‍ ഹെലികോപ്റ്റര്‍ അടുത്തെത്തി ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങിയപ്പോള്‍ അയാള്‍ ഷര്‍ട്ട് മാറ്റിയിട്ട് കൈയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുത്തു. എന്നിട്ട് അവരോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് കൈവീശി.

ഇങ്ങനെയുള്ള അവസ്ഥയിലെങ്കിലും മനുഷ്യന്മാരെ പോലെ പെരുമാറാന്‍ മനസ് കാണിക്കാനാണ് ഈ ഉദ്യോഗസ്ഥന്‍ പറയുന്നത്. ‘സമയനഷ്ടം, ഇന്ധന നഷ്ടം ഇതിനെക്കുറിച്ചൊക്കെ നിങ്ങള്‍ ചിന്തിക്കണം. രക്ഷതേടിയിരിക്കുന്ന പലരെയും രക്ഷിക്കാനുള്ള സമയമാണ് ഇത്തരം പ്രവൃത്തികളിലൂടെ നഷ്ടമാകുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ അല്‍പം മനുഷ്യത്വം കാണിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം.

ദയവു ചെയ്ത് ഇങ്ങനെ പെരുമാറാതിരിക്കുക. ഇത്തരം ചെയ്തികളിലൂടെ ഇവര്‍ രാജ്യത്തിന് ഒന്നും സംഭാവന ചെയ്യാത്തവര്‍ ആകുകയാണ്’. ഈ ഉദ്യോഗസ്ഥന്‍ അപേക്ഷിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular