‘പ്രളയ ദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ജീവനും സ്വത്തിനും കനത്ത നാശം വിതച്ച് പ്രകൃതി കലിതുള്ളുന്ന അവസ്ഥ. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ സങ്കടക്കടലായി നമ്മുടെ കേരളം. നമ്മുടെ സംസ്ഥാനത്തെ പ്രളയ വ്യാധിയില്‍ നിന്നും കരകയറ്റാന്‍ നമുക്ക് ഒരുമിക്കാം, നമുക്ക് കൈ കോര്‍ക്കാം,’ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നു.
കേരളത്തിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. കൂടാതെ താരസംഘടനയായ എഎംഎംഎ 50 ലക്ഷം രൂപയും നല്‍കി. രണ്ടു ഗഡുക്കളായാണ് എഎംഎംഎ തുക കൈ മാറിയത്. ആദ്യ ഘട്ടമായി 10 ലക്ഷം രൂപയും പിന്നീട് 40 ലക്ഷം രൂപയും നല്‍കി. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചേര്‍ന്നും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നും കേരളത്തിലേക്ക് സഹായങ്ങള്‍ എത്തുന്നുണ്ട്. കഴിഞ്ഞദിവസം വിജയ് സേതുപതി 25 ലക്ഷം രൂപയും ധനുഷ് 15 ലക്ഷം രൂപയും നല്‍കി. സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. കാര്‍ത്തി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചെക്ക് കൈമാറി.
നയന്‍താര കഴിഞ്ഞദിവസം 10 ലക്ഷം രൂപ പ്രഖ്യാപിച്ചു. പത്മപ്രിയ, രോഹിണി തുടങ്ങിയവര്‍ രണ്ടു ലക്ഷം രൂപവീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യാ ബാലന്‍, ഷാരൂഖ് ഖാന്‍, സോനം കപൂര്‍ തുടങ്ങിയവരും കേരളത്തിന് സഹായം നല്‍കണം എന്ന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു.
നമ്മുടെ സംസ്ഥാനത്തെ പ്രളയ വ്യാധിയില്‍ നിന്നും കരകയറ്റാന്‍ നമുക്ക് ഒരുമിക്കാം, നമുക്ക് കൈ കോര്‍ക്കാം: മോഹന്‍ലാല്‍ (വീഡിയോ)