ആശ്വസിക്കാനായില്ല; വീണ്ടും ന്യൂനമര്‍ദ്ദം; കനത്ത മഴ വരുന്നു; 11 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് ; 20വരെ മഴ പെയ്‌തേക്കും

തിരുവനന്തപുരം: ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അതിനാല്‍ 20ാം തിയതി രാവിലെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനാല്‍ കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്ന് മഴക്ക് നേരിയ ശമനം ഉണ്ടെങ്കിലും ചെങ്ങന്നൂര്‍ മേഖലയില്‍ പ്രളയ ദുരിതം തുടരുകയാണ്. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. ആശങ്കയുയര്‍ത്തി കുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു. ആലുവാ ചാലക്കുടി മേഖലകളില്‍ ജലനിരപ്പ് താഴുന്നത് ആശ്വാസമായിരുന്നു. ഇടുക്കിയിലും എറണാകുളത്തും മാത്രമായിരുന്നു ഇന്ന് രാവിലെ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്.

അതിനിടെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിനു കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് കൈകൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയെന്നതാണ് പ്രധാനം. സൈന്യത്തെ വിളിക്കണമെന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി തന്നെ പുച്ഛിച്ചു തള്ളിയതായും ചെന്നിത്തല വെളിപ്പടുത്തി.
പ്രളയക്കെടുതി നമ്മെ ബാധിച്ചുതുടങ്ങിയിട്ട് ഇതു നാലാം ദിവസമാണ്. സംസ്ഥാനത്തുടനീളം അതിദയനീയമായ കാഴ്ചയാണ്. ഈ ദീനരോദനങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ നമുക്കാകൂ. പ്രത്യേകിച്ചും ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, റാന്നി, ആറന്‍മുള, പറവൂര്‍, അങ്കമാലി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിതിഗതികള്‍ ദയനീയമെന്നേ പറയാനാകൂ. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റുകളുടെയും ബോട്ടുകളുടെയും എണ്ണം പറഞ്ഞിരിക്കാതെ, എത്ര സൈന്യത്തെയാണ് ഇവിടേക്ക് ആവശ്യമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ഏറ്റവും ഗുരുതരമായ പ്രശ്‌നമുണ്ടായിരിക്കുന്നത് കുട്ടനാട്ടിലാണ്. അവിടെനിന്ന് നൂറുകണക്കിനു പേരാണ് ഞങ്ങളെ വിളിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്കു വിദേശത്തുനിന്ന് ഉള്‍പ്പെടെ നൂറുകണക്കിനു സഹായാഭ്യര്‍ഥന വരുന്നു. ഇവയെല്ലാം മുഖ്യമന്ത്രിക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കൈമാറുകയാണ്.

പ്രളയക്കെടുതിയില്‍ ജനം വലഞ്ഞുതുടങ്ങിയിട്ട് നാലു ദിവസമായിട്ടും കാര്യമായ പരിഹാരമുണ്ടാക്കാന്‍ കഴിയാത്തത് വേദനാജനകമാണ്. കേരളം ഒന്നിച്ചു കൈകോര്‍ത്തു നിന്നിട്ടും എല്ലാവരെയും രക്ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ഇത്രവലിയ സേനാസംവിധാനമുള്ള രാജ്യമാണ് നമ്മുടേതെന്ന് ഓര്‍ക്കണം.

നാലും അഞ്ചും ദിവസമായി കുടിവെള്ളവും മരുന്നും ഭക്ഷണവും കിട്ടാതെ വലയുന്ന എത്രയോ പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. പതിനായിരക്കണക്കിനു പേര്‍ വെള്ളത്തിനു നടുവില്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഇത്തരം ദയനീയമായ ഒരു അവസ്ഥ കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ ദാരുണ സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം പൂര്‍ണമായും സര്‍ക്കാരിനോടു യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം സര്‍ക്കാരിനെ അറിയിക്കുന്നുണ്ട്. മുഖ്യമന്ത്രി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പോയി ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതലായി സൈന്യത്തിന്റെ സഹായം തേടുകയാണ് വേണ്ടതെന്ന് ശരിക്ക് അറിയാവുന്ന ആളാണ് ഞാന്‍. നേരത്തെ അസമിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് അവിടെ പ്രളയം ബാധിച്ചപ്പോള്‍ അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഞാന്‍ കണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നത് സൈന്യത്തിനു മാത്രമാണ്. സര്‍ക്കാര്‍ കലക്ടര്‍മാരോടും അവര്‍ തഹസില്‍ദാര്‍മാരോടും തഹസില്‍ദാര്‍മാര്‍ വില്ലേജ് ഓഫിസര്‍മാരോടും പറഞ്ഞാല്‍ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇത്. ഇത് അറിയാവുന്നതുകൊണ്ടാണ് സേനയെ വിളിക്കണമെന്ന് ആദ്യം മുതലേ പറയുന്നത്. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയോടു പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ പുച്ഛിച്ചു തള്ളി. എന്നെ പുച്ഛിക്കുന്നതില്‍ കുഴപ്പമില്ല. ജനത്തെ രക്ഷിച്ചാല്‍ മതി.

പ്രളയം നാലാ ദിവസത്തിലേക്കു കടന്ന ഇന്നു മുതലാണ് കുറച്ചെങ്കിലും സൈന്യം ഊര്‍ജിതമായി രംഗത്തിറങ്ങിയത്. ഈ സാഹചര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ശബ്ദം സര്‍ക്കാരിനു മുന്നിലെത്തിക്കാന്‍ എനിക്കു ബാധ്യതയുണ്ടെന്നുള്ള ഉറച്ച ബോധ്യത്തിലാണ് ഇതെല്ലാം പറയുന്നത്. ദുരഭിമാനം വെടിഞ്ഞ് സേനയെ വിളിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം. ഇതെല്ലാം സര്‍ക്കാരിന്റെ പ്രശ്‌നമാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോഴും പറയുന്നില്ല. മറിച്ച്, രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. വീഴ്ചകള്‍ പരിഹരിക്കണം.

സൈനിക ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ എല്ലായിടത്തും കുടിവെള്ളം, ഭക്ഷണം, മരുന്ന് മുതലായവ എത്തിക്കാന്‍ അവര്‍ക്കു കഴിയും. ഒരു തവണ െഹലികോപ്റ്ററില്‍ 1000 കിലോ ഭക്ഷണമേ കൊണ്ടുപോകാനാകൂ. എങ്കിലും കൃത്യമായ ഇടവേളകളില്‍ ഭക്ഷണമെത്തിക്കാന്‍ അവര്‍ക്കാകും. അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കും.

അതുപോലെ, കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ചിത്രമെടുക്കാന്‍ സാധിക്കുന്ന ആളില്ലാ വിമാനങ്ങളുണ്ട്. അവയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷാപ്രവര്‍ത്തനം അവര്‍ക്കു കൈമാറിയാല്‍ സൈന്യത്തിന് ആളുകളെ ലൊക്കേറ്റ് ചെയ്ത് രക്ഷിക്കാവുന്നതേയുള്ളൂ. ഏറ്റവും ഗുരുതര പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിലേക്ക് സൈനിക ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അയയ്ക്കണം.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ആവര്‍ത്തിച്ചു കത്തു നല്‍കുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി വന്നപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. രണ്ടു കാര്യങ്ങളാണ് അദ്ദേഹത്തോടു ചോദിച്ചത്. ഒന്ന്, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ രംഗത്തിറക്കണം. രണ്ട്, ഈ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ഇത് ദേശീയ ദുരന്തമല്ലെങ്കില്‍ പിന്നെ ഏതാണ് ദേശീയ ദുരന്തം? 500 കോടി രൂപയാണ് സഹായധനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നല്ല കാര്യം. പക്ഷേ, 25,000 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നോര്‍ക്കണം. ഞാന്‍ പ്രതീക്ഷിച്ചത് കുറഞ്ഞത് 1000 കോടിയെങ്കിലും പ്രധാനമന്ത്രി ഇന്നു പ്രഖ്യാപിക്കുമെന്നാണ്. എന്തായാലും 500 കോടി തന്നതുതന്നെ നല്ലത്.

മിക്കയിടങ്ങളിലും മത്സ്യത്തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ആളുകളെ രക്ഷപ്പടുത്തുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. കേരളത്തിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോടു നേരിട്ടും ഫോണിലൂടെയും പലതവണ ആവശ്യപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രിക്കു മുന്നിലും ഇതേ ആവശ്യമുയര്‍ത്തി. സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിലൊന്നും രാഷ്ട്രീയമില്ല. രാഷ്ട്രീയം മാറ്റിവച്ചാണ് ഇതെല്ലാം ആവശ്യപ്പെടുന്നത്. ഇനിയെങ്കിലും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം നടത്തുകയാണ് വേണ്ടത്.

ഇടുക്കി ജില്ലയൊക്കെ പൂര്‍ണമായും ഒറ്റപ്പെട്ടു കിടക്കുകയാണ്. അവിടേക്ക് സര്‍ക്കാരിന്റെ ശ്രദ്ധപോലും ചെല്ലുന്നില്ല. അവശ്യ സാധനങ്ങള്‍പോലും ഇടുക്കിയിലേത്തിക്കാന്‍ സാധിക്കുന്നില്ല. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതുതന്നെ സ്ഥിതി. രാഷ്ട്രീമൊക്കെ മാറ്റിവച്ചുതന്നെ ആവശ്യപ്പെടുകയാണ്, ജനങ്ങളെ രക്ഷിക്കാന്‍ സൈന്യത്തെ പൂര്‍ണമായും രക്ഷാ ചുമതല ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular