രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് വീണ ജോര്‍ജ് എംഎല്‍എയും

ആറന്മുള: രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തിലുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ്. എത്രത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കണക്കെടുക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് വീണ ജോര്‍ജ്ജ് പറഞ്ഞു. കണക്കുകള്‍ എത്രയും പെട്ടന്ന് തന്നെ തയ്യാറാക്കി സര്‍ക്കാരിനെ അറിയിക്കണമെന്ന് നിര്‍ദേശവും നല്‍കി.

പത്തനംതിട്ടയിലെ തോട്ടപുഴശേരി, ഇരവിപേരൂര്‍, കോഴിപ്പാലം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് പേരാണ്. അവരെ എത്രയും പെട്ടന്ന് തന്നെ രക്ഷപെടുത്തണമെന്ന് എംഎല്‍എ പറഞ്ഞു. പത്തനംതിട്ടയില്‍ കൂടുതല്‍ ആളുകള്‍ ഒറ്റപ്പെട്ടു. ജില്ലയില്‍ വൈദ്യുതി, മൊബൈല്‍ ബന്ധം നിലച്ച അവസ്ഥയിലാണ്. പെട്രോളിന്റെയും ഡീസലിന്റെയും സ്റ്റോക്ക് കുറയുകയാണ്. ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കൊല്ലത്ത് നിന്ന് 85 ബോട്ടുകള്‍ കൂടി പത്തനംതിട്ടയിലെത്തിച്ചു. കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി.

അതേസമയം പത്തനംതിട്ടയില്‍ വെള്ളം ഇറങ്ങുന്നുണ്ട്. റാന്നി മുതല്‍ ആറാട്ടുപുഴ വരെയുള്ള മേഖലകളില്‍ നേരിയ ശമനമുണ്ട്. എന്നാല്‍ ചെങ്ങന്നൂര്‍, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, മാന്നാര്‍ മേഖലകളില്‍ വെള്ളം ഇറങ്ങിയില്ല.

Similar Articles

Comments

Advertismentspot_img

Most Popular