കണ്ടിട്ട് തലകറങ്ങുന്നു… ! ഏതവനാടാ ഇത് എഡിറ്റ് ചെയ്തത്; സ്വാമി സ്‌ക്വയറിന്റെ ട്രെയിലറിനെതിരെ തെറിവിളി

2003ല്‍ പുറത്തിറങ്ങിയ വിക്രം-തൃഷ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗമാണ് സ്വാമി സ്‌ക്വയര്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സാമി സ്‌ക്വയറിന്റെ ട്രെയിലര്‍ എത്തി. മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

എന്നാല്‍ കടുത്ത വിമര്‍ശനമാണ് ട്രെയിലറിന് ലഭിക്കുന്നത്. എഡിറ്റിങ് വളരെ മോശമായിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. ഒരു പഞ്ച് ഇല്ലാത്ത കുറേ ഡയലോഗുകളെ കുത്തിക്കയറ്റി, അവിടവിടെയായി കുറേ ആക്ഷന്‍ രംഗങ്ങളെയും ചേര്‍ത്ത് ട്രെയിലറിനെ വൃത്തികേടാക്കിയെന്നാണ് ചിലര്‍ പറയുന്നത്. പശ്ചാത്തല സംഗീതവും വളരെ മോശമാണെന്നാണ് അഭിപ്രായം. ഈ ട്രെയിലര്‍ കണ്ട് തനിക്ക് തല കറങ്ങുകയാണെന്നും സംവിധായകന്‍ ഒരിക്കലും നന്നാവില്ലെന്നും വിക്രമിന്റെ ആരാധകന്‍ പറയുന്നു.

ചിത്രത്തില്‍ വിക്രം ഡബിള്‍ റോളിലാണെത്തുന്നത്. ഇരുവരും പൊലീസ് ഓഫിസറുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. ദല്‍ഹി, നോയിഡ, ആഗ്ര, ജയ്പൂര്‍, നൈനിറ്റാല്‍, കാഠ്മണ്ഡു തുടങ്ങിയിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

നിര്‍മാതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ആദ്യ ഭാഗത്തിലെ നായികയായ തൃഷ പിന്മാറിയതോടെ കീര്‍ത്തി സുരേഷാണ് സ്‌ക്വയറില്‍ നായിക. പ്രഭു, ഗണേഷ് സൂരി, ദേവിശ്രീ പ്രസാദ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവിശ്രീ പ്രസാദാണ് സംഗീത സംവിധാനം. ബോബി സിംഹയും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂണ്‍ 14ന് തിയേറ്ററുകളിലെത്തും.

SHARE