ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടനെന്ന് സൂചന, ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

പഞ്ചാബ്: കന്യാസ്ത്രീ പീഡന പരാതി നല്‍കിയ ജലന്ധര്‍ ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് ബിഷപ്പ് ഹൗസിന് ചുറ്റും സായുധ സേനയെ വിന്യസിച്ചു. ബിഷപ്പ് ഹൗസും പരിസരവും പൂര്‍ണമായും പോലീസിന്റെ അധീനതയിലാക്കി.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ വിശ്വാസികള്‍ അവിടേക്ക് എത്തിയിരുന്നു.

ബിഷപ്പിന്റെ അറസ്റ്റുണ്ടായാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കനത്ത സുരക്ഷാ ഒരുക്കിയിരിക്കുന്നത്. ബിഷപ്പ് ഹൗസിനു മുന്നിലെ റോഡ് വടം കെട്ടിത്തിരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പഞ്ചാബ് പോലീസിന്റെ സായുധസംഘമാണ് ബിഷപ്പ് ഹൗസിന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെ റോഡിന് ഇരുവശവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് ഉണ്ടാകുകയാണെങ്കില്‍ പ്രതിഷേധങ്ങള്‍ നേരിടുന്നതിനാണ് ഈ നടപടി. പഞ്ചാബ് പൊലീസാണ് കേരളത്തില്‍ നിന്നെത്തിയ അന്വേഷണസംഘത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനിടെ ബിഷപ്പിന്റെ അഭിഭാഷകന്‍ അഡ്വ.മന്‍ദീപ് സിംഗ് സച്ദേവ് ബിഷപ്പ് ഹൗസിലെത്തി. അതിനിടെ, ബിഷപ്പിനെതിരെ നടക്കുന്ന അന്വേഷണത്തിനെതിരെ വിശ്വാസികളുടെ സംഘടന നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇന്ന് തന്നെ ബിഷപ്പിന്റെ അറസ്റ്റുണ്ടായേക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൂര്‍ണമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം മാത്രമേ അറസ്റ്റുണ്ടാകൂ.

വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണസംഘമാണ് പഞ്ചാബിലെ ജലന്ധറില്‍ എത്തിയത്. ബിഷപ്പ് പഞ്ചാബ് – ഹരിയാന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വൈദികര്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു. പരാതി നല്‍കിയ കന്യാസ്ത്രീക്ക് ബിഷപ്പില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെന്ന് അവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. അന്വേഷണ സംഘം മറ്റ് കന്യാസ്ത്രീകളുടെയും മൊഴി എടുത്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular