26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണി തുറന്നു; ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറന്നത്; ആദ്യ ദൃശ്യം

തൊടുപുഴ: 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ–ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 50 സെന്റീമിറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയ്. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം വീതം നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കി. ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹച്യരത്തില്‍ ചെറുത്തോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.

രാവിലെ പത്ത് മണിയ്ക്ക് 2398.8 അടിയായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്. റിസര്‍വോയറിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.
ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ആദ്യഘട്ടത്തിന് ശേഷവും ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. രണ്ട് ദിവസം കൊണ്ട് ഇടുക്കി പദ്ധതി പ്രദേശത്ത് 136 മില്ലി മീറ്റര്‍ മഴ ലഭിക്കുകയും നീരൊഴുക്ക് ശക്തമാക്കുകയും ചെയ്തതോടെയാണ് അടിയന്തരമായി ട്രയല്‍ റണ്‍ നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്.

ദുരന്തനിവാരണസേനയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല റവന്യൂ വകുപ്പിനെ ഏല്‍പിച്ചിട്ടുണ്ട്. ഇടമലയാര്‍ ഡാം നേരത്തെ തന്നെ തുറന്നു വിട്ട സ്ഥിതിക്ക് സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചിരിക്കുന്നത്.

ജൂലൈ മൂന്നാം വാരമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ കെ.എസ്.ഇ.ബിയും ജില്ലാഭരണകൂടവും നടത്തിയിരുന്നു. ഇപ്രകാരം പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഡാം തുറന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇരുന്നൂറോളം കുടുംബങ്ങളെ പെരിയാര്‍ തീരത്ത് നിന്നും മാറ്റും. ദുരന്തനിവാരണസേന നേരത്തെ തന്നെ ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ഇവര്‍ക്കും ഇപ്പോള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7