‘നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ, അതിന് ഹാഷ് ടാഗുകളുടെ ആവശ്യമില്ല’ : മഞ്ജു വാര്യര്‍

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരിന്നു. അമ്മയുടെ നടപടിയെ വിമര്‍ശിച്ച് പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വരുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. ആക്രമിക്കപ്പെട്ട നടി സംഘടനയില്‍ നിന്ന് രാജിവെച്ചപ്പോഴും പ്രതികരിക്കാതെ മഞ്ജു വിദേശത്ത് പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. അതിനിടെ ദിലീപുമായി മഞ്ജു സമരസപ്പെട്ടു കഴിഞ്ഞതായി സലിം ഇന്ത്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ, അമ്മ വിഷയത്തില്‍ നടി പ്രതികരിച്ചിരിക്കുകയാണ്.

മഞ്ജു വാര്യര്‍ പറയുന്നത് ഇങ്ങനെ:

‘നിലപാട് എന്നും ഒന്നേ ഉണ്ടായിട്ടുള്ളൂ. അത് അവളോടൊപ്പം തന്നെ. അത് എന്നും ആവര്‍ത്തിച്ച് ഉറക്കെ പ്രഖ്യാപിക്കേണ്ട ഒന്നാണെന്നു തോന്നിയിട്ടില്ല. അത് അവള്‍ക്കറിയാം. എന്നെയും അവളെയും അടുത്തറിയുന്ന എല്ലാവര്‍ക്കും അറിയാം. ഞങ്ങളുടേത് ലൈക്കുകളും ഹാഷ് ടാഗുകളും ഉണ്ടാകുന്നതിനു മുമ്പുള്ള ഹൃദയബന്ധമാണ്. അത് എന്നും ഉണ്ടാകും. ഈ ബഹളങ്ങളും ആരവങ്ങളും എല്ലാം കഴിഞ്ഞാലും…അതു പ്രഖ്യാപിക്കാന്‍ ഹാഷ് ടാഗുകളുടെ ആവശ്യവുമില്ല.

വിവാദങ്ങളും ചര്‍ച്ചകളും വരികയും പോകുകയും ചെയ്യും. അതുമായൊന്നും ഇതിനെ കൂട്ടിക്കുഴയ്ക്കാന്‍ എനിക്കാകില്ല. സംഘടനകളില്‍ എടുക്കേണ്ട നിലപാട് അതാത് സമയത്ത് എടുത്തിട്ടുണ്ട്. വ്യക്തിബന്ധങ്ങള്‍ക്കു സംഘടനയോ നിയമാവലിയോ ഒന്നും തടസ്സമാകുമെന്നും ഞാന്‍ കരുതുന്നില്ല. എനിക്കു ഇക്കാര്യത്തില്‍ പറയാനുള്ളതു നേരത്തെ പറഞ്ഞു. ഇനി കൂടുതല്‍ വിശദീകരിക്കാനും വിവാദമുണ്ടാക്കാനും ഞാനില്ല. എത്രയോ നല്ല കാര്യങ്ങളില്ലെ.

Similar Articles

Comments

Advertismentspot_img

Most Popular