ചരക്ക് ലോറി സമരം; അവശ്യസാധനങ്ങള്‍ക്ക് വില കൂടും

കൊച്ചി: ചരക്കുലോറി ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി വരവ് തടസ്സപ്പെടാന്‍ സാധ്യത. ദിവസേന ലോഡ് എത്തുന്നതു മുടങ്ങുന്നതോടെ പ്രാദേശിക വിപണിയില്‍ വില ഉയര്‍ന്നേക്കും. വരും ദിവസങ്ങളില്‍ പലചരക്കു മേഖലയിലും പ്രതിസന്ധിയുണ്ടാകാനാണു സാധ്യത.

അയല്‍സംസ്ഥാനങ്ങളില്‍നിന്നായി അഞ്ച് അതിര്‍ത്തി ചെക് പോസ്റ്റുകളിലൂടെ ദിവസവും അറന്നൂറോളം ലോറികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നു കേരള സ്‌റ്റേറ്റ് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. ഹംസ പറഞ്ഞു. ഇന്നലെ മുതല്‍ ഈ ലോറികളിലുള്ള പഴം, പച്ചക്കറി വരവ് മുടങ്ങി. ചെറിയ വാഹനങ്ങള്‍ സമരത്തിനില്ലെങ്കിലും പ്രതിസന്ധി രൂക്ഷമാകാനാണു സാധ്യത.

ഡീസല്‍ വിലവര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്‌ക്കെതിരെ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണു കേരളത്തിലും സമരം. സംസ്ഥാനാന്തര പെര്‍മിറ്റുള്ള അരലക്ഷം ലോറികള്‍ ഉള്‍പ്പെടെ ആകെ 90,000 ലോറികളാണു കേരളത്തില്‍ പണിമുടക്കുന്നത്.

ചെറുകിട ചരക്കുലോറികളെക്കൂടി കൂട്ടിയാല്‍ സംസ്ഥാനത്താകെ രണ്ടരലക്ഷത്തോളം വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ഇതരസംസ്ഥാനങ്ങളില്‍നിന്നു പുറപ്പെട്ട ലോറികള്‍ ഇന്നലെ പലയിടങ്ങളിലായി ചരക്കിറക്കി. ഇന്നു മുതല്‍ ചരക്കു ഗതാഗതം പൂര്‍ണമായി സ്തംഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular