ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു, ഋഷഭ് പന്ത് ടീമില്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്നു ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്.ആദ്യമായി ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി. പരിക്ക് കാരണം വൃദ്ധിമാന്‍ സാഹ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ ഇല്ല.

ജസ്പ്രീത് ബുംറയും രണ്ടാം ടെസ്റ്റ് മുതല്‍ കളിക്കാന്‍ സാധ്യതയുള്ളൂ. രോഹിത് ശര്‍മ്മ ടീമില്‍ ഇല്ല. സാഹയ്ക്ക് പകരം ദിനേഷ് കാര്‍ത്തിക്കായിരിക്കും ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.

ടീം ഇവരില്‍ നിന്ന്: വിരാട് കോഹ്‌ലി (ക്യാ), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, മുരളി വിജയ്, പൂജാര, രഹാനെ, കരുണ്‍ നായര്‍, ദിനേഷ് കാര്‍ത്തിക്ക്, ഋഷഭ് പന്ത്, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാര്‍ദൂല്‍ താക്കൂര്‍.

SHARE