ഹൈക്കോടതി നിര്‍ദേശം പാലിക്കാതെ അന്‍വര്‍ എംഎല്‍എ; തടയണയിലെ വെള്ളം തുറന്നുവിടുന്നു; നടപടി കലക്റ്റര്‍ അറിയാതെ

കോഴിക്കോട്: അധികാരികള്‍ അറിയാതെ പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണയിലെ ജലം തുറന്നുവിടുന്നതായി റിപ്പോര്‍ട്ട്. ജില്ലാ കലക്റ്റര്‍ അറിയാതെയാണ് നടപടി. സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വേണം തടയണയിലെ വെള്ളം തുറന്നുവിടേണ്ടതെന്ന ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ചാണ് ഇപ്പോഴത്തെ നടപടി.

നിയമം ലഘിച്ച് വനത്തിനുള്ളില്‍ തടയണ നിര്‍മ്മിച്ചത് വന്‍ വിവാദമായിരുന്നു. പിന്നീട് ഇത് സംബന്ധിച്ച കേസില്‍ തടയണ പൊളിച്ചുകളയുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പെട്ടെന്ന് തടയണ പൊളിച്ച് വെള്ളം തുറന്നുവിടുന്നത് സമീപവാസികളെ ബാധിക്കാമെന്നതിനാല്‍ ജില്ലാ കലക്റ്റര്‍ സാങ്കേതിക സമിതി രൂപീകരിച്ച് അതിന്റെ മേല്‍നോട്ടത്തില്‍ വെള്ളം തുറന്നുവിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇത് ലംഘിച്ചുകൊണ്ടാണ് അധികാരികളെ അറിയിക്കാതെ തടയണയിലെ വെള്ളം തുറന്നുവിടുന്നത്. കലക്റ്ററുടെ ഉത്തരവ് വരുന്നതിന് മുമ്പേ തടയണ തുറന്നിരിക്കുകയാണ്. തന്റെ അറിവോടെയല്ല ഈ നീക്കമെന്ന് മലപ്പുറം ജില്ലാ കലക്റ്റര്‍ അമിത് മീണ പറയുന്നത്.

പെരിന്തല്‍മണ്ണ ആര്‍ഡിഒയ്ക്ക് ഇതുവരെ തടയണയിലെ വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഇതിനായി സാങ്കേതിക സമിതി രൂപീകരിച്ചിട്ടില്ലെന്നും അമിത് മീണ പറയുന്നു. തടയണയിലെ വെള്ളം സ്വമേധയാ തുറന്നുവിട്ടതാണെന്നും കുത്തനെയുള്ള പ്രദേശമായതിനാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ജലസേചന വകുപ്പ് അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular