‘തിരിച്ചെത്തുമ്പോള്‍ പൊരിച്ച കോഴിയിറച്ചിയും ഹോട്ട് ബാര്‍ബിക്യൂവും കഴിക്കാന്‍ തരണം’,തായ്ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളുടെ ഹൃദയഭേദകമായ കത്തുകള്‍ പുറത്ത്

ചിയാംഗ് റായ്: തായ്ലന്‍ഡില്‍ 12 ദിവസമായി ഗുഹയില്‍ അകപ്പെട്ടു കഴിയുന്ന ഫുട്ബോള്‍ താരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ച ഹൃദയഭേദകമായ കത്തുകള്‍ പുറത്ത്. ഗുഹയില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ തിരക്കി എത്തിയ മുങ്ങല്‍ വിദഗ്ധരുടെ കൈവശമാണ് കുറിപ്പ് കൈമാറിയത്. കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിന്റെ ദു:ഖം രേഖപ്പെടുത്തിയുളള കുറിപ്പുകളില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന ആശ്വാസവാക്കുകളും കാണാം. 16 വയസ്സില്‍ താഴെയുളള ഫുട്ബോള്‍ കുട്ടികളും കോച്ചുമാണ് ഗുഹയില്‍ അകപ്പെട്ടത്.

വീട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിയാല്‍ പൊരിച്ച കോഴിയിറച്ചിയും ഹോട്ട് പാന്‍ ബാര്‍ബിക്യൂവും കഴിക്കാന്‍ തരണമെന്ന കുറിപ്പിലെ ഒരു കുട്ടിയുടെ വാചകം ഏറേ ഹൃദയഭേദകമാണ്. അധികമായി ഹോം വര്‍ക്ക് തരരുതെന്ന് അധ്യാപകരോടുളള അപേക്ഷയും ആണ്‍കുട്ടി മുന്നോട്ടുവെയ്ക്കുന്നു.

തന്നെ കുറിച്ച് ഓര്‍ത്ത് അച്ഛനും അമ്മയും ആശങ്കപ്പെടേണ്ടതില്ല എന്നതാണ് മറ്റൊരു കുട്ടിയുടെ കത്ത്. താന്‍ ഇവിടെ സുരക്ഷിതനാണ്. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് കൂടി പറയുന്ന കത്തില്‍ വീട്ടില്‍ എത്തിയാല്‍ പൊരിച്ച കോഴിയിറച്ചി തരണമെന്നും കുട്ടി ആവശ്യപ്പെടുന്നു.

ഞാന്‍ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നു എന്ന് പറയുന്ന മറ്റൊരു കുട്ടിയുടെ കുറിപ്പില്‍ പന്നിയിറച്ചി കൊണ്ട് തയ്യാറാക്കിയ വിഭവമായ പോര്‍ക്ക് ഷാബു വാങ്ങിത്തരണമെന്ന് കുട്ടി ആവശ്യപ്പെടുന്നു. ഇത്തരത്തില്‍ വീട്ടുകാരെ ആശ്വസിപ്പിച്ചും തങ്ങളുടെ ഇഷ്ടവിഭവങ്ങളും അനിഷ്ടങ്ങളും വെളിപ്പെടുത്തിയുമാണ് കുട്ടികള്‍ കുറിപ്പുകള്‍ കൈമാറിയത്.

കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തിക്കൊണ്ടുളളതാണ് കോച്ചിന്റെ കത്ത്. തന്റെ അവസാന ശ്വാസം വരെ കുട്ടികളുടെ സുരക്ഷയ്ക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് 25 വയസുകാരനായ കോച്ച് മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കുന്നു. മണ്‍സൂണ്‍ സീസണില്‍ കുട്ടികളെയും കൊണ്ട് ഗുഹയിലേക്ക് പോയ കോച്ചിന്റെ നടപടി വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

കുട്ടികളെയും കോച്ചിനെയും രക്ഷിക്കാനുളള ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. നാലുദിവസത്തിനുളളില്‍ ഇവരെ പുറത്ത് എത്തിക്കാനുളള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. ഗുഹയ്ക്കുളളിലെ ഓക്സിജന്‍ അളവ് കുറയുന്നു എന്നതാണ് എത്രയും വേഗം കുട്ടികളെ പുറത്ത് എത്തിക്കാനുളള തീരുമാനത്തിന് പിന്നില്‍. അതേസമയം മേഖലയില്‍ മഴ ശക്തമായത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഫുട്ബോള്‍ മത്സരം കഴിഞ്ഞ് ജൂണ്‍ 23 നാണ് സാഹസികതയുടെയും ഉല്ലാസത്തിന്റെയും ഭാഗമായി കോച്ചും കുട്ടികളും ഗുഹയിലേക്ക് പോയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഓക്സിജന്‍ ലഭിക്കാതെ തായ്ലന്‍ഡ് നേവിയുടെ മുന്‍ മുങ്ങല്‍ വിദഗ്ധന്‍ മരിച്ചിരുന്നു.

SHARE