തായ്ലാന്‍ഡിലെ ഗുഹയില്‍ നിന്ന് എട്ടാമനെയും പുറത്തെത്തിച്ചു,ഇനി അഞ്ചുപേര്‍ കൂടി ഗുഹയില്‍

ബാങ്കോക്ക്: താം ലുലാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ എട്ടാമനെയും പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. ഇനി അഞ്ചുപേര്‍ കൂടിയാണ് ഗുഹയില്‍ അവശേഷിക്കുന്നത്. ഇവരില്‍ മൂന്നുപേരെ ചേംബര്‍ 3 എന്നറിയപ്പെടുന്ന സുരക്ഷിത താവളത്തിലെത്തിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നു. പ്രാദേശിക സമയം ഇന്ന് രാവിലെ 11മണിയോടെ പുനരാരംഭിച്ച രക്ഷാ ദൗത്യത്തില്‍ ഒരുകുട്ടിയെ പുറത്തെത്തിച്ചിരുന്നു.

കൂടുതല്‍ സന്തോഷവാര്‍ത്തകള്‍ വരാനിരിക്കുകയാണെന്ന ഗവര്‍ണര്‍ നാരോങ്സാക്ക് ഒസാട്ടനകൊണിന്റെ അറിയിപ്പിനു പിന്നാലെയാണ് കുട്ടികള്‍ പുറത്തെത്തിയ വിവരം രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. താം ലുവാങ് ഗുഹാമുഖത്ത് കനത്ത മഴ പെയ്തിട്ടും രക്ഷാപ്രവര്‍ത്തനത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് നാരോങ്സാക്ക് വ്യക്തമാക്കി. ഞായറാഴ്ച രാത്രി കനത്ത മഴ പെയ്തിട്ടും നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മഴവെള്ളം ഗുഹയ്ക്ക് പുറത്തേക്ക് പമ്പു ചെയ്തു കളയുന്നത് തുടരുകയാണ്. ഗുഹയ്ക്കകത്ത് വെള്ളക്കെട്ടില്ല. രക്ഷാപ്രവര്‍ത്തനത്തെ മഴ ബാധിക്കാതിരിക്കാന്‍ കനത്ത മുന്‍കരുതലുകളെടുക്കുന്നുണ്ടെന്നും നാരോങ്സാക്ക് അറിയിച്ചു.

കൂടുതല്‍ കുട്ടികളെ പ്രാദേശിക സമയം വൈകിട്ട് ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ പുറത്തെത്തിക്കാനാകുമെന്നാണ് സൂചന. അതേസമയം കൂടുതല്‍ കരുത്തുറ്റ കുട്ടികളെയാണു ഞായറാഴ്ച ആദ്യം പുറത്തിറക്കിയതെന്നും നാരോങ്സാക്ക് പറഞ്ഞു. ദുര്‍ബലരായ കുട്ടികളെയാണ് ആദ്യം ഗുഹയ്ക്ക് പുറത്തെത്തിച്ചതെന്ന് ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളായി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാല് കുട്ടികളും മറ്റു സംഘത്തില്‍ മൂന്നുവീധം കുട്ടികളുമാണ് ഉണ്ടാകുക. കോച്ച് അവസാന സംഘത്തിലാണ് ഉണ്ടാകുക.

കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റ പുറത്തേക്ക് നയിക്കുന്ന രക്ഷാപ്രവര്‍ത്തനമാണ് തുടരുന്നത്. നീന്തലറി.യാത്ത കുട്ടികള്‍ക്ക് ഈ കയറില്‍ പിടിച്ച് വെള്ളത്തിലൂടെ നടക്കാന്‍ സാധിക്കും. ഒരുകുട്ടിയെ പുറത്തെത്തിക്കാന്‍ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുന്നത്.

ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ജൂണ്‍ 23നാണ് അണ്ടര്‍ പതിനാറ് ഫുട്ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികളെയും കൊണ്ട് ട്രെക്കങിനായാണ് കോച്ച് ഗുഹാമുഖത്തെത്തിയത്. ഗുഹയില്‍ കയറിയതിന് പിന്നാലെ തുടങ്ങിയ ശക്തമായ മഴയില്‍ ഇവര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബ്രിട്ടീഷ് ദൗത്യസംഘമാണ് ഇവരെ കണ്ടെത്തിയത്. പിന്നീട് നടന്ന തെരച്ചിലില്‍ പങ്കെടുത്ത തായ്ലാന്‍ഡ് രക്ഷാ പ്രവര്‍ത്തകന്‍ മരണപ്പെട്ടിരുന്നു.

SHARE