അമ്മയുടെ കൈനീട്ടത്തെ പരിഹസിച്ച സംഭവം, ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ കമല്‍

തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ ‘കൈനീട്ടം’ വാങ്ങുന്നതിനെ പരിഹസിച്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഖേദം പ്രകടിപ്പിച്ചു. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായി കമല്‍ പറഞ്ഞു. അക്കാദമി ചെയര്‍മാന്‍ എന്ന രീതിയിലല്ല താന്‍ പ്രതികരിച്ചതെന്നും കമല്‍ പറഞ്ഞു.

താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ പറഞ്ഞതിന് പിന്നാലെ, കമലിനെതിരെ മുതിര്‍ന്ന താരങ്ങള്‍ രംഗത്തുവന്നിരുന്നു. മധു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ജനാര്‍ദനന്‍ എന്നിവരാണ് രംഗത്തെത്തിയത്. അമ്മയുടെ കൈനീട്ടം വാങ്ങുന്നതിനെ പരിഹസിച്ചതിനെതിരെ ഇവര്‍ സിനിമാ മന്ത്രി എ കെ ബാലന് പരാതിയും നല്‍കി.ഇതിന് പിന്നാലെയാണ് കമല്‍ ഖേദം പ്രകടിപ്പിച്ചത്.

ഇതിന് പുറമേ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രാജിവെച്ച നടിമാര്‍ക്ക് കമല്‍ പിന്തുണ പ്രഖ്യാപിച്ചു.എന്നാല്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതികരിക്കാനില്ലെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അവകാശത്തെ ഔദാര്യമായി കാണുന്നയാള്‍ അക്കാദമി തലപ്പത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞു. അമ്മയുടെ കൈനീട്ടം ഔദാര്യമല്ല, സ്നേഹസ്പര്‍ശമാണെന്നും പരാതിയില്‍ താരങ്ങള്‍ ചൂണ്ടിക്കാട്ടി.

500 അംഗങ്ങളുള്ള സംഘടനയില്‍ സജീവമായി അഭിനയരംഗത്തുള്ളത് 50പേര്‍ മാത്രമാണെന്നും ബാക്കി 450പേരും ഔദാര്യത്തിനായി കാത്തുനിര്‍ക്കുന്നവരാണെന്നുമുളള കമലിന്റെ പരാമര്‍ശമാണ് വിവാദമായത്. അതുകൊണ്ടുതന്നെ സംഘടനയില്‍ ഒരിക്കലും ജനാധിപത്യം ഉണ്ടാകില്ല. മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണ്. മഹാന്‍മാരെന്നു നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും കമല്‍ കുറ്റപ്പെടുത്തി.

താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും 35വര്‍ഷത്തെ തന്റെ അനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞതാണിത്. ഒറ്റപ്പെടലും തൊഴിലും പരിഗണിക്കാതെ നാലു പെണ്‍കുട്ടികള്‍ മുന്നോട്ടുവന്നത് ചരിത്രമാണെന്നും, അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ പിന്തുണച്ചുകൊണ്ട് കമല്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular