ജി.എസ്.ടിയുടെ ആദ്യവര്‍ഷം നിരാശാജനകം; കേരളത്തിന് ഒരു നേട്ടവുമുണ്ടായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജിഎസ്ടിയുടെ ആദ്യവര്‍ഷം നിരാശാജനകമെന്നും കേന്ദ്രം ജിഎസ്ടി നടപ്പാക്കിയ രീതി ശരിയായില്ലെന്നും ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് നേട്ടമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചെറുകിട വ്യവസായങ്ങള്‍ കുഴപ്പത്തിലായി, നികുതിവരുമാനം കൂടിയില്ല. ജിഎസ്ടിയുടെ വക്താവല്ല. കേരളത്തിന്റെ ധനമന്ത്രി എന്ന രീതിയില്‍ മാത്രമാണ് ഇടപെടലെന്നും തോമസ് ഐസക് പറഞ്ഞു.

താന്‍ ജിഎസ്ടിയുടെ വക്താവല്ല. എന്നാല്‍ തയ്യാറെടുപ്പില്ലാതെ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കുമെന്ന് കരുതാത്തതില്‍ തനിക്ക് വീഴ്ചയുണ്ടായെന്നും തോമസ് ഐസക് സമ്മതിച്ചു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ജിഎസ്ടി നേട്ടമാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും സംഭവിച്ചതെല്ലാം നേര്‍വിപരീതമാണ്. നികുതി കുറഞ്ഞിട്ടും വില കുറഞ്ഞില്ല, ചെറുകിടവ്യവസായങ്ങള്‍ കുഴപ്പത്തിലായി, നികുതിവരുമാനം പ്രതീക്ഷിച്ചതുപോലെ കൂടിയില്ല. തന്നെ ജിഎസ്ടിയുടെ വക്താവായി ചിത്രീകരിക്കുന്നത് ശരിയല്ല. കേരളത്തിന്റെ ധനമന്ത്രി നടത്തേണ്ട ഇടപെടലുകളാണ് താന്‍ നടത്തിയത്.

ഹോട്ടല്‍ഭക്ഷണ വില, കോഴിവില എന്നിവ കുറയ്ക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളും വേണ്ടത്ര ഫലപ്രദമായില്ല. വില കുറയ്ക്കാത്ത 150 കമ്പനികള്‍ക്കെതിരെ കേരളം പരാതിനല്‍കിയപ്പോള്‍ ചട്ടം മാറ്റിയെന്ന മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular