ഗവാസ്‌കര്‍ക്കെതിരെയുള്ള പരാതി പൊളിയുന്നു; എ.ഡി.ജി.പിയുടെ മകള്‍ ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയത് ഓട്ടോറിക്ഷ ഇടിച്ചതിന്

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ നല്‍കിയ എതിര്‍പരാതി വ്യാജമെന്ന് തെളിയിന്നു. ഗവാസ്‌കര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് എ.ഡി.ജി.പിയുടെ മകള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഇവര്‍ തിരുവനന്തപുരത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയത് ഓട്ടോറിക്ഷാ ഇടിച്ചെന്ന പേരിലാണ്. അസ്ഥിരോഗവിദഗ്ധന്‍ ഡോ. ഹരി ഇക്കാര്യം കേസ് ഷീറ്റില്‍ രേഖപ്പെടുത്തി. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ഡോ. ഹരിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. ഐ.പി.എസ്. പുത്രിയുടെ ശരീരത്തിലെ പാടുകള്‍ ഓട്ടോറിക്ഷ ഇടിച്ചതിനേത്തുടര്‍ന്നാണെന്ന് ആശുപത്രി രേഖകളില്‍ പറയുന്നു. അതുകൊണ്ടുതന്നെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി വ്യാജമാകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് തള്ളിക്കളയുന്നില്ല. എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ നാലുവരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഗുരുതരപരുക്കേറ്റ ഗവാസ്‌കറെ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അറിഞ്ഞതോടെയാണ് എ.ഡി.ജി.പിയുടെ മകളും ചികിത്സ തേടിയത്.

ഗവാസ്‌കര്‍ അലക്ഷ്യമായി വാഹനമോടിച്ചതാണു മകള്‍ക്കു പരുക്കേല്‍ക്കാന്‍ കാരണമെന്നു ചൂണ്ടിക്കാട്ടി എ.ഡി.ജി.പി: സുധേഷ്‌കുമാര്‍ ഡി.ജി.പി: ലോക്നാഥ് ബെഹ്റയ്ക്കു പരാതി നല്‍കി. കേസില്‍ ആശുപത്രി രേഖകള്‍ തിരിച്ചടിയാകുമെന്ന ആശങ്കയാണു തിടുക്കത്തിലുള്ള ഈ നീക്കത്തിനു പിന്നിലെന്നു സൂചനയുണ്ട്. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും വീടിനുനേരേ ആരോ കല്ലെറിഞ്ഞെന്നും സുധേഷ്‌കുമാര്‍ ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പിയുടെ മകളെ പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം തീരുമാനിച്ചു. ഗവാസ്‌കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി തിരുവനന്തപുരം ഡി.സി.ആര്‍.ബി. അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. പ്രതാപന്‍ നായര്‍ക്കു നല്‍കിയ മൊഴിയിലും എ.ഡി.ജി.പിയുടെ മകള്‍ ആവര്‍ത്തിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന ആരോപണം ശക്തമായതോടെയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.

Similar Articles

Comments

Advertismentspot_img

Most Popular