അര്‍ണബ് ഗോസ്വാമിയുടെ പിന്തുണ തേടി ബി.ജെ.പി നേതാവ് സംപിത് പത്ര; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിയുമായി ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്ര കൂടിക്കാഴ്ച നടത്തി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള പ്രധാനവ്യക്തികളെ നേരിട്ട് കണ്ട് പിന്തുണ തേടാനുള്ള ബി.ജെ.പി ക്യാമ്പയിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

അര്‍ണബുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ വികസന നേട്ടങ്ങളടങ്ങുന്ന ബുക്ക്ലെറ്റ് അര്‍ണബിന് കൈമാറിയെന്നും രാജ്യത്തിന്റെ വികസന കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തെന്നും സംപിത് പത്ര ട്വീറ്റ് ചെയ്തു. അര്‍ണബിന് ബുക്ക്ലെറ്റ് കൈമാറുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്തായിരുന്നു സംപിത് പത്രയുടെ ട്വീറ്റ്.

എന്നാല്‍ ഇതിന് പിന്നാലെ സംപിത് പത്രയേയും അര്‍ണബിനേയും ട്രോളി ട്വിറ്ററില്‍ നിരവധി പേര്‍ രംഗത്തെത്തി. മോദിയുടെ വികസനപദ്ധതികളടങ്ങിയ ബുക്ക്ലെറ്റ് അര്‍ണബിന് കൈമാറുന്ന ചിത്രം എഡിറ്റ് ചെയ്ത് ബുക്ക്ലെറ്റിന് പകരം നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണമായ പെഡിഗ്രിയുടെ പാക്കറ്റാക്കിയായിരുന്നു ഒരാള്‍ ട്രോളിയത്.

മാത്രമല്ല മോദിയുടെ വികസന പദ്ധതികളെ കുറിച്ച് അര്‍ണബുമായി സംസാരിച്ചുവെന്ന സംപിത് പത്രയുടെ പ്രസ്താവനയേയും ചിലര്‍ വിമര്‍ശിച്ചു. ഏത് നേരവും മോദി മോദി എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് ഇക്കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കേണ്ട ആവശ്യമുണ്ടോയെന്നായിരുന്നു ട്വിറ്ററില്‍ മറ്റൊരാളുടെ ചോദ്യം.

അത്ഭുതം,ഒരു ബി.ജെ.പി വക്താവ് മറ്റൊരു ബി.ജെ.പി വക്താവുമായി കൂടിക്കാഴ്ച നടത്തുന്നു. എന്നായിരുന്നു ട്വിറ്ററില്‍ വന്ന മറ്റൊരു കമന്റ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7