കൊച്ചി:സംസ്ഥാനത്ത് ഞായറാഴ്ചവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോരമേഖലയില്‍ രാത്രി യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിനും നിയന്ത്രണമുണ്ട്.
ഇന്ന് ഉച്ച മുതല്‍ നാളെ ഉച്ചവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ 24 വെര ശക്തമായ മഴക്കും സാധ്യതുണ്ട്. തുടര്‍ച്ചയായ മഴ ലഭിക്കുന്നതിനാല്‍ പെട്ടെന്നുള്ള ശക്തമായ മഴ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് കാരണമാകും. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
മലയോര മേഖലകളില്‍ രാത്രി 7 മുതല്‍ രാവിലെ 7 വരെ വാഹനയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. ഉരുള്‍പൊട്ടലോ മണ്ണിടിച്ചലോ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ നിന്ന് വേണമെങ്കില്‍ ആള്‍ക്കാരെ മാറ്റിപാര്‍പ്പിക്കാവുന്നതാണ്. ഈ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിവെക്കണം. താലൂക്ക് തല കണ്‍ട്രോള്‍ റൂം തുറക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ കടല്‍ തീരങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ ടൂറിസം വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ വെള്ളക്കെട്ടിലും പുഴകളിലും മറ്റും കുളിക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദശത്തിലുണ്ട്. 24 മണിക്കൂറിനുള്ളില്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇത് ചില ഘട്ടങ്ങളില്‍ 60 കിലോമീറ്റര്‍ വേഗം വരെ കൈവരിക്കാം. ഈ സാഹചര്യത്തില്‍ 24 മണിക്കൂര്‍ സമയത്തേക്ക് മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.