പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; എല്ലാം കണ്ണുകളും റഷ്യയിലേക്ക്

മോസ്‌കോ: ലോകം കാത്തിരുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് റഷ്യയില്‍ ഇന്ന് കിക്കോഫ്. ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30ന് ലുഷ്നികി സ്റ്റേഡിയത്തില്‍ 21ാം എഡിഷന്‍ ഫിഫ ലോകകപ്പ് ഫുട്ബോള്‍ വിപ്ലവത്തിന്റെ ആദ്യ വെടിയൊച്ച മുഴങ്ങും.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ആതിഥേയരായ റഷ്യയും ഏഷ്യന്‍ രാജ്യമായ സൗദി അറേബ്യയുമാണ് ആദ്യ പോരാട്ടത്തിലെ എതിരാളികള്‍.

അത്യാധുനിക ശില്‍പചാരുതയോടെയും സാങ്കേതികത്തികവിലും നിര്‍മിച്ച ലുഷ്നികി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച് ജൂലൈ 15ന് ഇവിടെത്തന്നെ കൊടിയിറങ്ങുന്ന ലോകകപ്പ് പൊടിപൂരത്തിന്റെ വിശേഷത്തിനായി ലോകം റഷ്യയിലേക്ക് ഉറ്റുനോക്കുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം ആറുമുപ്പതിനാണ് ഉദ്ഘാടനച്ചടങ്ങ്.

ആധുനികതയുടെ പുതുചരിത്രം പേറി ഹൈടെക്കിന്റെ സ്വാധീനത്തില്‍ രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ 12 കൂറ്റന്‍ സ്റ്റേഡിയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരാധകര്‍ക്ക് ഗാലറിക്ക് പുറത്ത് കൂട്ടമായിരുന്ന് കളി ആസ്വദിക്കാന്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സജ്ജമായിക്കഴിഞ്ഞു.

ആറാം ലോക കിരീടം ലക്ഷ്യമിട്ടു ബ്രസീല്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ അജയ്യത നിലനിര്‍ത്താനാണു ജര്‍മനിയുടെ വരവ്. രാജ്യാന്തര ഫുട്ബോളിലെ നിര്‍ഭാഗ്യ വിധി മാറ്റിയെഴുതാന്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന അധ്വാനിക്കുമ്പോള്‍ കഴിഞ്ഞ യൂറോകപ്പിലെ ഭാഗ്യജാതകം തുടരാന്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഉല്‍സാഹിക്കും.

ബല്‍ജിയം, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ അപ്രവചനീയ ടീമുകള്‍ ഒളിപ്പോരാളികളെപ്പോലെ എതിര്‍പാളയങ്ങളില്‍ നാശം വിതച്ചേക്കാം. നവാഗതരായ ഐസ്!ലന്‍ഡും പാനമയും ലോകകപ്പിന്റെ ജ്വാലയിലേക്ക് എടുത്തുചാടും. വര്‍ഷങ്ങള്‍ക്കുശേഷം ലോകകപ്പിനെത്തുന്ന പെറുവും ഈജിപ്തും ഞങ്ങളിവിടെയുണ്ടായിരുന്നു എന്നു വിളിച്ചുപറയും. ടീമുകള്‍ക്കു പിന്തുണയും പിന്‍ബലവുമായി സര്‍വരാജ്യ ആരാധകരും റഷ്യയില്‍ സംഘടിക്കും.

Similar Articles

Comments

Advertismentspot_img

Most Popular