കൊച്ചി: രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഞ്ച് പേരുകള്‍ നിര്‍ദ്ദേശിച്ച് വിടി ബല്‍റാം എംഎല്‍എ. ഷാനിമോള്‍ ഉസ്മാന്‍,ഡോ.മാത്യു കുഴല്‍നാടന്‍, ടി.സിദ്ധീഖ്, എം.ലിജു, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരില്‍ ആരെയെങ്കിലും ഒരാളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന് ബല്‍റാം ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു
പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിക്കേണ്ടത്. ചെറുപ്പക്കാര്‍ പാര്‍ലമെന്റിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായി. സാമൂഹിക, പ്രാദേശിക പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഒരു വനിതയോ മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയോ മലബാര്‍ ജില്ലകളില്‍ നിന്നുള്ള ഒരു നേതാവോ ഒക്കെ പരിഗണിക്കപ്പെടുന്നതും ഉചിതമായിരിക്കുമെന്ന് ബല്‍റാം പറഞ്ഞു.
വിടി ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്നു. ഒഴിവുള്ള മൂന്ന് സീറ്റുകളില്‍ ഒരെണ്ണത്തില്‍ യു.ഡി.എഫിനാണ് വിജയ സാധ്യത. മുന്നണി ധാരണ പ്രകാരം ഇത്തവണ കോണ്‍ഗ്രസിനാണ് ആ സീറ്റ് ലഭിക്കുന്നത്.
പാര്‍ലമെന്ററി അവസരങ്ങളൊക്കെ ചില വ്യക്തികള്‍ കുത്തകയാക്കുന്നത് ജനാധിപത്യത്തിന് പൊതുവിലും കോണ്‍ഗ്രസ് സംഘടനക്ക് പ്രത്യേകിച്ചും അത്ര ഭൂഷണമല്ല. ചില ഉന്നത നേതാക്കന്മാര്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിലനില്‍ക്കേണ്ടത് സംഘടനയുടെ വിശാല താത്പര്യങ്ങള്‍ക്ക് ഗുണകരമായേക്കാം. ചില പാര്‍ലമെന്റ്/അസംബ്ലി മണ്ഡലങ്ങളില്‍ വിജയസാധ്യത പരിഗണിച്ചും ചിലരെ ആവര്‍ത്തിച്ച് മത്സരിപ്പിക്കേണ്ടി വന്നേക്കാം. എന്നാല്‍ പാര്‍ട്ടി എംഎല്‍എമാരുടെ വോട്ട് കൊണ്ട് വിജയം സുനിശ്ചിതമായ രാജ്യസഭയിലേക്ക് അങ്ങനെ ചിലര്‍ക്ക് മാത്രം വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പാര്‍ട്ടിയെ പുറത്തുനിന്ന് പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെക്കുന്നത്. നേതൃത്ത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയുടേയും രാഷ്ട്രീയ മുന്‍ഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റേയുമൊക്കെ കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം പാര്‍ട്ടി നേരിടാന്‍ പോകുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണ്.
രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്സഭയിലും അംഗമായിട്ടുള്ള ശ്രീ പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങുന്നതിനായി ഈ അവസരത്തെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിലും രാജ്യസഭ ഉപാധ്യക്ഷന്‍ എന്ന നിലയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും.
പകരമായി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും ഇതുവരെ പാര്‍ലമെന്ററി അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പരിഗണന നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ് നേതൃത്ത്വം ശ്രദ്ധിക്കേണ്ടത്. ചെറുപ്പക്കാര്‍ പാര്‍ലമെന്റിലേക്ക് വന്നിട്ട് പതിറ്റാണ്ടുകളായി. സാമൂഹിക, പ്രാദേശിക പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ഒരു വനിതയോ മുസ്ലിം ന്യൂനപക്ഷത്തിന്റെ പ്രതിനിധിയോ മലബാര്‍ ജില്ലകളില്‍ നിന്നുള്ള ഒരു നേതാവോ ഒക്കെ പരിഗണിക്കപ്പെടുന്നതും ഉചിതമായിരിക്കും.
ഇത്തരം പലവിധ പരിഗണനകള്‍ വച്ചുകൊണ്ട് തഴെപ്പറയുന്ന പേരുകള്‍ (മുന്‍ഗണനാടിസ്ഥാനത്തിലല്ല ) പരിഗണിക്കാവുന്നതാണെന്ന് തോന്നുന്നു:
ഷാനിമോള്‍ ഉസ്മാന്‍: എഐസിസി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ, ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. മികച്ച സംഘാടക, വാഗ്മി.
ഡോ.മാത്യു കുഴല്‍നാടന്‍: പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്. യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറി. നിയമ, സാമ്പത്തിക കാര്യ വിദഗ്ദന്‍.
ടി.സിദ്ധീഖ്: കോഴിക്കോട് ഡിസിസി പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട്, മികച്ച സംഘാടകന്‍, പ്രഭാഷകന്‍.
എം.ലിജു: ആലപ്പുഴ ഡിസിസി പ്രസിഡണ്ട്, രാഷ്ട്രീയ കാര്യ സമിതി അംഗം, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി. നല്ല സംഘാടകന്‍.
രാജ്മോഹന്‍ ഉണ്ണിത്താന്‍: മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി, സേവാദള്‍ മുന്‍ സംസ്ഥാന ചെയര്‍മാന്‍, മികച്ച പ്രഭാഷകന്‍.
അര്‍ഹതപ്പെട്ട നിരവധി പേര്‍ ഇനിയും ഈ പ്രസ്ഥാനത്തിലുണ്ട്, എന്നാലും കാര്യമായ അവസരങ്ങള്‍ ഇതുവരെ ലഭിക്കാത്ത ചിലരുടെ പേരുകള്‍ പ്രത്യേകമായി എടുത്തു പറയുന്നു എന്നേയുള്ളൂ. ഇക്കൂട്ടത്തില്‍പ്പെട്ട ആരെങ്കിലുമാണ് രാജ്യസഭ സ്ഥാനാര്‍ത്ഥി എങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിനേ സംബന്ധിച്ച് അതൊരു പുതിയ തുടക്കമായിരിക്കും. പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമുള്ള ക്രിയാത്മകമായ ഒരു സന്ദേശമായിരിക്കും.
ഈ ദിശയിലുള്ള അഭിപ്രായങ്ങള്‍ ബഹുമാന്യനായ അഖിലേന്ത്യാ കോണ്‍ഗ്രസ് അധ്യക്ഷനെയും മറ്റ് മുതിര്‍ന്ന നേതാക്കളേയും ഉചിതമാര്‍ഗേന അറിയിക്കുന്നുണ്ട്. ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ ഒരു പൊതു ചര്‍ച്ച ഉണ്ടാവുന്നതിലും അപാകതയില്ല എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയും പറയുന്നത്. അതുള്‍ക്കൊള്ളാനും കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാനും കഴിയുന്നവരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ എന്നാണ് എന്റെ പ്രതീക്ഷ.