നേതാക്കളെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; കെപിസിസി പുതിയ പ്രസിഡന്റ് 15നകം

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തോല്‍വി വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. ഇതിനു പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പുതിയ കെ.പി.സി.സി പ്രസിഡന്റിനെ ജൂണ്‍ 15നകം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ജൂണ്‍ 6,7 തീയതികളില്‍ ഡല്‍ഹിയിലെത്താനാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ചത്തീസ്ഗഢ് യാത്ര റദ്ദ് ചെയ്താണ് രാഹുല്‍ ഗാന്ധി ആ ദിവസങ്ങളില്‍ കേരളാ നേതാക്കളെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്. 5ാം തീയതി മാത്രമേ രാഹുല്‍ വിദേശത്ത് നിന്ന് തിരിച്ചെത്തുകയുള്ളു. കേരളത്തില്‍ സംഘടനയെ ശക്തിപ്പെടുത്താനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

പുതിയ കെപിസിസി അധ്യക്ഷന്‍ ആരായിരിക്കണമെന്നതാവും പ്രധാന ചര്‍ച്ചാ വിഷയം. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി.തോമസ് എന്നിവരെയാണ് ഇപ്പോള്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ഇതിനു പുറമേ യുഡിഎഫ് കണ്‍വീനറുടെ കാര്യം സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന. രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് ഒഴിവ് വന്ന സീറ്റിനെക്കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്നും വിവരമുണ്ട്.

അതിനിടെ ചെങ്ങന്നൂര്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. താഴെത്തട്ടിലെ പരിമിതികളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു. സംഘടനാപരമായ ബലഹീനതകള്‍ പരിശോധിക്കും. കാരണങ്ങള്‍ കണ്ടെത്തി കൂട്ടായി തിരുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular