പ്രധാനമന്ത്രിയെയും ദേശീയ ഗാനവും അറിയില്ല; ഒടുന്ന ട്രെയിനില്‍ യുവാവിന് മര്‍ദ്ദനം

മാല്‍ഡ (പശ്ചിമ ബംഗാള്‍): പ്രധാനമന്ത്രിയെക്കുറിച്ചും ദേശീയ ഗാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരുന്നയാള്‍ക്ക് മര്‍ദ്ദനം. പശ്ചിമ ബംഗാളില്‍ വച്ചാണ് സംഭവം. ട്രെയിനില്‍ ഒപ്പം സഞ്ചരിച്ച നാലു പേരാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്.

ഹൗറയില്‍ നിന്നു ബംഗാളിലെ മാല്‍ഡ ജില്ലയിലെ കാലിയചകിലേക്കു ട്രെയിനില്‍ പോകുകയായിരുന്ന മറുനാടന്‍ തൊഴിലാളിയായ ജമാല്‍ മൊമീനാണ് നാലംഗ സംഘത്തിന്റെ മര്‍ദനമേറ്റത്. ട്രെയിനില്‍ കയറിയ ആളോട് പ്രധാന മന്ത്രി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദേശീയ ഗാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. ഉത്തരം പറയാതിരുന്നപ്പോള്‍ മര്‍ദനമായി.

ദേശീയ ഗാനത്തെക്കുറിച്ചും പ്രധാനമന്ത്രിയെക്കുറിച്ചും കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതിരുന്നതോടെ യാത്രക്കാരന്റെ മുഖത്തു ചോദ്യം ചോദിക്കുന്നയാള്‍ മര്‍ദിക്കുന്നതു ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നിങ്ങനെയും സംഘം യുവാവിനെ നിര്‍ബന്ധിച്ചു പറയിപ്പിക്കുന്നുണ്ട്. സംഭവം ആനന്ദ് ബസാര്‍ പത്രികയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അക്രമത്തിനു ശേഷം സംഘം ബന്ദേല്‍ സ്റ്റേഷനില്‍ ഇറങ്ങിപ്പോകുകയായിരുന്നു. സഹയാത്രക്കാര്‍ എടുത്ത വീഡിയോയുടെ അടിസ്ഥാനത്തില്‍ ഒരു എന്‍ജിഒ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ മേയ് 14നായിരുന്നു സംഭവം. പ്രദേശത്തെ സംഘടനയായ ബംഗള സന്‍ക്രാന്തി മഞ്ചയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular