നിപ്പയുടെ ഉറവിടം വവ്വാലുകളാണോയെന്ന് ഇന്നറിയാം; പരിശോധനയ്ക്കയച്ച വവ്വാലുകളുടെ രക്തസാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ ഉറവിടത്തെ കുറിച്ച് ഇന്ന് വ്യക്തത കൈവരും. വവ്വാലുകളാണോ ഉറവിടമെന്ന് ഇന്നറിയാം. നിപ്പ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് പന്തിരിക്കരയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടേയും മൃഗങ്ങളുടേയും രക്തസാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗവും ഇന്നു ചേരുന്നുണ്ട്.

നിപ്പ വൈറസ് ബാധിച്ച് നാല് പേര്‍ മരിച്ച കുടുംബത്തിന്റെ പുരയിടത്തിലെ കിണറ്റില്‍ നിന്നും പിടികൂടിയ വവ്വാലുകളുടെ രക്തവും സ്രവവുമാണ് രണ്ട് ദിവസം മുമ്പ് ഭോപ്പാലിലെ പ്രത്യേക ലാബിലേക്ക് അയച്ചത്. ഇതിനു പുറമേ സമീപ പ്രദേശങ്ങളിലെ പശുക്കളുടേയും പന്നികളുടേയും രക്തസാമ്പിളുകളും പരിശോധനക്കായി അയച്ചിരുന്നു.

ഇന്ന് വൈകിട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് ലഭിക്കുന്നതോടെ നിപ വൈറസിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കും. അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉച്ചക്ക് ശേഷം കളക്ട്രേറ്റില്‍ സര്‍വകക്ഷി യോഗം ചേരും. മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിലാണ് യോഗം. മന്ത്രി ടി പി രാമകൃഷ്ണന് പുറമേ എംപിമാരും എംഎല്‍എമാരുമടക്കമുള്ള ജനപ്രതിനിധികളും പങ്കെടുക്കും.

Similar Articles

Comments

Advertismentspot_img

Most Popular