‘സജീഷേട്ടാ, നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല: നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ അവസാനത്തെ കത്ത് കണ്ണീരാകുന്നു

കൊച്ചി:പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ വൈറസ് ബാധിച്ച് മരിച്ച ലിനി നഴ്‌സ് ആശുപത്രി ഐസിയുവില്‍ മരണവുമായി മല്ലിടവെ അവള്‍ ഭര്‍ത്താവിന് എഴുതിയ കത്ത് വൈറലാകുന്നു. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോള്‍ ആ മാലാഖയുടെ മനസില്‍ മക്കളും ഭര്‍ത്താവും കുടുംബവും മാത്രമായിരുന്നു. ജീവന്‍ നല്‍കിയും ആതുരസേവനത്തില്‍ ഏര്‍പ്പെട്ട ലിനിയെ ഓര്‍ത്തു തേങ്ങുകയാണ് ഒരു നാടും സഹപ്രവര്‍ത്തകരും.

‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…

with lots of love’

ജോലിക്ക് പോയ അമ്മ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ലിനിയുടെ രണ്ടു കുഞ്ഞുമക്കള്‍. അഞ്ചു വയസുകാരന്‍ റിഥുലും രണ്ടുവയസുകാരന്‍ സിദ്ദാര്‍ഥിനും തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയ കാര്യം ഇപ്പോഴും അറിയില്ല. വിദേശത്തുള്ള അച്ഛന്‍ പെട്ടെന്ന് നാട്ടിലെത്തിയ സന്തോഷത്തിലാണ് റിഥുലും സിദ്ദാര്‍ഥും. ഇടയ്ക്കിടെ അമ്മയെ അന്വേഷിക്കുമെങ്കിലും, ജോലിത്തരിക്ക് കാരണം ആശുപത്രിയിലാണെന്ന് വിശ്വസിപ്പിച്ചിരിക്കുകയാണ് വീട്ടുകാര്‍. ഇളയമകന്‍ അമ്മയെ കാണണമെന്ന് പറഞ്ഞു വാശിപിടിച്ച് കരയുമ്പോള്‍ എന്തെങ്കിലും പറഞ്ഞു ആശ്വസിപ്പിക്കും. അനുശോചനമറിയിക്കാന്‍ വീട്ടിലെത്തുന്നവര്‍ക്ക് നൊമ്പരകാഴ്ചയായി മാറുകയാണ് ഈ കുഞ്ഞുമക്കള്‍.

SHARE