കര്‍ണാടകയില്‍ പന്ത് ജെ.ഡി.എസിന്റെ കോര്‍ട്ടില്‍; കുമാരസ്വാമിയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്; ദേവഗൗഡയുടെ വീട്ടില്‍ ചര്‍ച്ച പുരോഗമിക്കുന്നു

ബംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ജെ.ഡി.എസിന് പിന്തുണയുമായി കോണ്‍ഗ്രസ്. 40 സീറ്റുള്ള ജെഡിഎസിന് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ ജെഡിഎസ് സ്വാഗതം ചെയ്തു. വൈകിട്ട് ഗവര്‍ണറെ കാണുമെന്നും മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ട് പോകുമെന്നും ഗുലാം നബി ആസാദും കുമാര സ്വാമിയും സിദ്ധരാമയ്യയും ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു.

ഈ ധാരണയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും. ദേവഗൗഡയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള ധാരണയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.

222 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനായി 114 സീറ്റുകള്‍ വേണം. ഒരു ഘട്ടത്തില്‍ ബിജെപി ഈ മാന്ത്രികസംഖ്യ കടന്ന് മുന്നേറിയിരുന്നെങ്കിലും പിന്നീട് ലീഡ് നില 105ലേക്ക് താഴ്ന്നു. ഈ സാഹചര്യത്തിലാണ് ജെഡിഎസിന് പിന്തുണ കൊടുക്കുക എന്ന രാഷ്ട്രീയ തന്ത്രത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കുമാരസ്വാമി നയിക്കുന്ന സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ കൊടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തത്. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. ബിജെപിയെ ഒഴിവാക്കാന്‍ എന്തു ത്യാഗവും ചെയ്യുമെന്നും ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നുമാണാ് കെ.സി വേണുഗോപാല്‍ പറഞ്ഞത്.

വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് നീങ്ങുമ്പോള്‍ ബിജെപി 105 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷ നേടാന്‍ ഇനി ഏഴു സീറ്റുകള്‍കൂടി വേണം. അതിലേക്കെത്താനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് 73 സീറ്റും ജെഡിഎസ് 41 സീറ്റും മറ്റ് പാര്‍ട്ടികള്‍ രണ്ട് സീറ്റും നേടിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular