ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മോഹന്‍ലാല്‍!!! ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ലാലേട്ടന്‍

ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ് വ്യത്യസ്തമായ റിയാലിറ്റി ഷോയുമായി എത്തുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകനായെത്തുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്ന് സ്റ്റാര്‍ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ അറിയിച്ചു.

കഴിഞ്ഞ 25 വര്‍ഷമായി പ്രേക്ഷകര്‍ക്ക് വ്യത്യസ്തവും നാടകീയവുമായ ഉള്ളടക്കം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഞങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒന്ന് നല്‍കണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. മലയാള സിനിമയിലെ മെഗാ സൂപ്പര്‍ സ്റ്റാര്‍ അവതരിപ്പിക്കുന്ന ഏറ്റവും ആവേശഭരിതമായ ഒരു പരിപാടിയേക്കാള്‍ മികച്ചതായി വേറെ എന്താണ് നല്‍കാന്‍ കഴിയുക എന്നും കെ മാധവന്‍ പറഞ്ഞു.

എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാണത്തില്‍ ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസില്‍, പ്രത്യേകമായി നിര്‍മ്മിച്ച ബിഗ്‌ബോസ് ഹൗസില്‍ 100 ദിവസങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതിനായി 16 പ്രശസ്തര്‍ ഉണ്ടാകും. മത്സരാര്‍ഥികള്‍ക്ക് പുറംലോകവുമായി ബന്ധം പൂര്‍ണ്ണമായും വിഛേദിക്കപ്പെടുന്നു- അവര്‍ക്ക് ഇന്റര്‍നെറ്റ്, ഫോണ്‍, ടെലിവിഷന്‍, പത്രം എന്നിവ ഒന്നും ലഭ്യമായിരിക്കുന്നതല്ല.

പുറമെ നിന്നുള്ള യാതൊരു ഇടപെടലുമില്ലാതെ ആ വീടിനുള്ളില്‍ ഓരോ മത്സരാര്‍ഥികളും തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 60 റോബോട്ടിക് ആന്റ് മാന്‍ഡ് ക്യാമറകളിലൂടെ തുടര്‍ച്ചയായി ഇവരെല്ലാവരെയും നിരീക്ഷിക്കുന്നതാണ്. 100 ദിവസങ്ങള്‍ താമസിക്കുന്നതിനായുള്ള എല്ലാവിധ സൗകര്യങ്ങളും ബിഗ്‌ബോസ് ഹൗസില്‍ ഉണ്ടായിരിക്കുന്നതാണ്.

ഈ ഷോ അവതരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഈ പരിപാടി തീര്‍ച്ചയായും എനിക്കൊരു പുതിയ അനുഭവമായിരിക്കും. ഞാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വേഷമാണിത്, എന്തെന്നാല്‍ ഇതിലെ വെല്ലുവിളി തികച്ചും വ്യത്യസ്തമായിരിക്കും- മോഹന്‍ലാല്‍ പറഞ്ഞു.

SHARE