കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയ്ക്ക് ഭ്രഷ്ട്!!! ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും ഗ്രാമപഞ്ചായത്തംഗവുമായ യുവാവിന് അവഗണന. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും യുവാവിനെ പുറത്താക്കി. ചേര്‍പ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായാ നിഖില്‍ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പരസ്പര സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു നിഖിലിന്റേത്. എന്നാല്‍ വീട്ടുകാരുടെ സമ്മതമില്ലാതെ നടത്തിയ വിവാഹമാണ് ഇവരുടേതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്‍ ജനപ്രധിനിധിയായിരുന്നവരും ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ നിഖിലിനെതിരെ കുറിപ്പിട്ടും അധിക്ഷേപിച്ചുമാണ് ഇവര്‍ രംഗത്തെത്തിയത്.

യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നിഖിലിനെ അഡിമിനായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നീക്കം ചെയ്തുവെന്നാണ് നിഖില്‍ ആരോപിക്കുന്നത്. ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടുകളടക്കം ഉള്‍പ്പെടുത്തി നിഖില്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെ ഇതിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

പ്രാദേശിക നേതാക്കള്‍ക്കു സാമ്പത്തികമായി സഹായങ്ങള്‍ നല്‍കുന്നവരുടെ ബന്ധുവാണ് പെണ്‍കുട്ടി. ഇതാണു നേതാക്കളെ പ്രകോപിപ്പിക്കാന്‍ കാരണമായതെന്നാണു സൂചന. പൂര്‍ണ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തതെന്നു വ്യക്തമാക്കിയാണ് നിഖിലും ഭാര്യ മയൂഖയും രംഗത്തെത്തിയത്. എഞ്ചിനിയറാണ് മയൂഖ. രണ്ടുബിരുദമുള്ള നിഖില്‍ തൃശൂര്‍ പാറക്കുളം ഗ്രാമപഞ്ചായത്തംഗം കൂടിയാണ്.

Similar Articles

Comments

Advertismentspot_img

Most Popular