ലോകത്തെ ഏറ്റവും മികച്ച ഫിനിഷറെന്ന് ധോണിയെ പുകഴ്ത്തിയ പാക് ആരാധകയ്ക്ക് സംഭവിച്ചത്…

ഐപിഎല്‍ കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരുവിനെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ധോണിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. പഴയ ധോണിയുടെ സ്വതസിദ്ധമായ ശൈലിയിലേക്ക് മടങ്ങുന്ന രീതിയിലുള്ള പ്രകടനത്തിലൂടെയാണ് അവസാന ഓവറില്‍ അദ്ദേഹം ടീമിനെ വിജയിപ്പിച്ചത്.

34 പന്തില്‍ നിന്നും ഏഴ് സിക്‌സിന്റെയും അകമ്പടിയോടെയാണ് അദ്ദേഹം 70 റണ്‍സ് നേടിയത്. കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം നിഷ്പ്രഭമായാണ് ധോണി മറികടന്നത്. ഇതിന് പിന്നാലെ ധോണിയെ അഭിനന്ദിച്ചും പുകഴ്ത്തിയും വിവിധ രാജ്യങ്ങളില്‍ നിന്നും രംഗത്തെത്തി. പാകിസ്താനില്‍ നിന്നും ഒരു അവതാരക ധോണിയെ പ്രശംസിച്ചത് പാകിസ്താനില്‍ ആരാധകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി.

പാക് അവതാരകയായ സൈനബ് അബ്ബാസായിരുന്നു ധോണിയുടെ പ്രകടനത്തെ അഭിനന്ദിച്ചത്. ധോണി മത്സരം ഫിനിഷ് ചെയ്തപ്പോഴായിരുന്നു സൈനബ് ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. താനാണ് ലോകത്തെ ഏറ്റവും മികച്ച ഫിനിഷറെന്ന് തെളിയിക്കാന്‍ ധോണിയ്ക്ക് ഒരവസരം കൂടി ലഭിച്ചിരിക്കുകയാണെന്നായിരുന്നു സൈനബിന്റെ ട്വീറ്റ്.

എന്നാല്‍ ട്വീറ്റിന് പാക് ആരാധകരില്‍ നിന്നും ലഭിച്ചത് വിമര്‍ശനമായിരുന്നു. ഐപിഎല്ലില്‍ പാകിസ്താന്‍ താരങ്ങളെ കളിപ്പിക്കുന്നില്ലെന്നും പാകിസ്താനെ എല്ലാ മേഖലയിലും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇന്ത്യ എന്നൊക്കെയായിരുന്നു പാക് ആരാധകരുടെ പ്രതികരണം. അവതാരകയെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

SHARE